പ്രഥമ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പുരസ്‌കാരം മുന്‍മന്ത്രിയും CPM ദേശീയ ജനറല്‍ സെക്രട്ടറിയുമായ എം.എ ബേബിക്ക്. ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി മാരാമണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്മഭൂഷണ്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ബിഷപ്പ് ഡോ തോമസ് മാര്‍ തീത്തുസ്, ഡോ. മാത്യു കോശി പുന്നക്കാട്, ചെറിയാന്‍ സി. ജോണ്‍, കണ്‍വീനര്‍ രാജന്‍ വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് എം. എ ബേബിയെ തിരഞ്ഞെടുത്തത്. ഏപ്രില്‍ 24ന് മാരാമണ്‍ ചേരുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഫൗണ്ടേഷന്റെ പ്രവര്‍ത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ക്രിസോസ്റ്റം തിരുമേനിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു എം.എ ബേബി. അദ്ദേഹം ‘ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഇംഗ്ലീഷ് രചനയായ ‘ക്രൈസ്റ്റ്, മാര്‍ക്‌സ്, ശ്രീനാരായണഗുരു എന്ന പുസ്തകവും തിരുമേനിയുമായുള്ള സംഭാഷണത്തില്‍ എം.എ ബേബി രചിച്ചതാണ്.
മലയാള സിനിമ രംഗത്തും സാംസ്‌കാരിക രംഗത്തും തനതായ സംഭാവനകള്‍ നല്‍കിയ ഫൗണ്ടേഷന്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായ ബ്ലസ്സിയെ ചടങ്ങില്‍ ആദരിക്കും.മാരാമണ്ണില്‍ ക്രമീകരിക്കുന്ന മാര്‍ ക്രിസോസ്റ്റം നഗറിലാണ് പരിപാടി. ചെറിയാന്‍ സി. ജോണ്‍, ബാബു ജോണ്‍, അഡ്വക്കേറ്റ് അന്‍സില്‍ കോമാട്ട്, ടി എം സത്യന്‍, രാജന്‍ വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS;M.A. Baby receives Philipose Mar Chrysostom Award: First recognition after becoming CPM General Secretary