Kerala

അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷം: പൊലീസ് കേസെടുത്തു

എറണാകുളത്ത് അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. അഭിഭാഷകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

മഹാരാജാസ് കോളജിന് മുന്നിൽ വീണ്ടും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിൽ ഇന്നും വാക്ക്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞെന്നാണ് ആക്ഷേപം. അഭിഭാഷകർ മഹാരാജാസ് കോളജിലേയ്ക്ക് കല്ലെറിഞ്ഞെന്നും വിദ്യാര്‍ത്ഥികൾ ആരോപിച്ചു. അഭിഭാഷകർ കോളജിലേക്ക് കല്ലും ബിയർ ബോട്ടിലും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.

ഇന്നലെ എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാര്‍ത്ഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. രണ്ട് വിഭാഗമായി തിരിഞ്ഞായിരുന്നു സംഘർഷം. വിദ്യാര്‍ത്ഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.

Latest News