ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നിയമത്തിന്റെ നൂലാമാലയില്‍ കുടുക്കി വാര്‍ത്തയുടെ മെറിറ്റിന് മേല്‍ നുണയുടെ കരിമ്പടം മൂടാനുള്ള ആസൂത്രിത നീക്കമാണ് കോടതി പൊളിച്ചടുക്കിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ചരിത്രവിധിയിലൂടെ നീതിയുടെ പൊന്‍പുലരിയാണ് പുലര്‍ന്നിരിക്കുന്നതെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആസൂത്രിതമായ ഗൂഢനീക്കങ്ങള്‍ക്ക് തടയിടാന്‍ ഈ വിധി പ്രചോദനമാകട്ടെ എന്ന് അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ആറു മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പോക്‌സോ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. കുറ്റപത്രത്തില്‍ പൊലീസ് ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ സുപ്രധാന വിധി.
പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്കു പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളി തുടങ്ങിയവരെയാണ് കോടതി കുറ്റമുക്തരാക്കിയത്. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിചാരണ ചെയ്യാനുളള തെളിവുകളില്ലെന്ന് കണ്ടെത്തി ലഹരിവ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയുള്ളതാണെന്നും
റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ നന്‍മ ലക്ഷ്യമിട്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
CONTENT HIGH LIGHTS;POCSO case against Asianet News quashed: High Court verdict is a dawn of justice; KUWJ