കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, ഇന്‍ട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.
‘വ്യാവസായികാധിഷ്ടിത വിദ്യാഭ്യസം, സംരംഭകത്വം വളര്‍ത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷനിലൂടെ നടത്തുന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനൊപ്പം ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങള്‍ നേരിടാനുള്ള ലൈഫ് സ്‌കില്‍സും ആത്മവിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയും നാളെയുടെ നല്ല നേതാക്കളെ വാര്‍ത്തെടുക്കുകയുമാണ് സമ്മര്‍ സ്‌കൂളിന്റെ ലക്ഷ്യം’- ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി പറഞ്ഞു.
പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി സംബന്ധിച്ച് മികച്ച തീരുമാനം കൈക്കൊള്ളുവാനും പാഷനും സാധ്യതകളും കണ്ടെത്തി ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് മികച്ച കരിയറിലേക്ക് പ്രവേശിക്കുവാനും സാധിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഭാവിസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി യൂണിവേഴ്സിറ്റിതലത്തില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാംപ് കേരളത്തിലെ പുതുതലമുറയ്ക്ക് വേറിട്ട അനുഭവമാകുമെന്നും ടോം അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് -7034043600.