രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് എക്സലോജിക് കുറ്റപത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയൻ്റെ പേരിലേക്ക് കേസ് രൂപപ്പെടുത്താനുള്ള തന്ത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കരാർ തുകയാണ് കമ്പനികൾ തമ്മിൽ കൈമാറിയിട്ടുള്ളതെന്നും, സാമ്പത്തിക ഇടപാട് സുതാര്യമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വീണയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണെന്ന് പറഞ്ഞ ഗോവിന്ദൻ, കള്ള പ്രചാരണവും തെറ്റായ പ്രചാരവേലയും നേരിടുമെന്നും പ്രതികരിച്ചു. സ്വര്‍ണക്കടത്തുപോലെ ഈ കേസും ആവിയായി പോകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
കമ്പനി ആക്ടിലെ വ്യവസ്ഥയില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയെന്നതാണ് എസ്എഫ്‌ഐഒയുടെ ചുമതല. കോടതിയുടെ മുന്‍പില്‍ നില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇത്ര ധൃതി പിടിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.