സാധാരണ പറക്കുന്ന പക്ഷികൾ മരച്ചില്ലകളിലോ തണലിലോ ഇടയ്ക്ക് ഒന്ന് വിശ്രമിക്കുന്നത് കണ്ടിട്ടുണ്ടാകാം. ഭക്ഷണം കഴിക്കാനോ ഇടയ്ക് ഒന്ന് വിശ്രമിക്കാനോ ഒക്കെയാകും ഇങ്ങനെ ചെയ്യുക… എന്നാൽ പതിനായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കുന്ന പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ.. ദേശാടനപ്പക്ഷികൾ ദീർഘദൂരം സഞ്ചരിക്കുന്ന പക്ഷികളാണ്. ദേശാടനപ്പക്ഷികളിലെ ഒരു വിഭാഗമാണ് ബാർ ടെയിൽഡ് ഗോഡ്‌വിറ്റ്. സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സിൽപ്പെട്ട പക്ഷികളാണ് ഗോഡ്‌വിറ്റുകൾ. കക്കകളും മറ്റുമാണ് ഇവയുടെ സ്ഥിരം ആഹാരം. ആഹാരം സുഭിക്ഷമായിട്ടുള്ളിടങ്ങളിലേക്ക് ഒരുമിച്ചു പറന്നുപോകുന്നത് ഇവയുടെ ശീലമാണ്. ചെറുതായി മുകളിലേക്കു കൂർത്തിരിക്കുന്ന കൊക്കുകളാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം. ഗോഡ്‌വിറ്റുകളെ ഒരുകാലത്ത് ബ്രിട്ടനിലും മറ്റും ഭക്ഷണായി ഉപയോഗിച്ചിരുന്നു.
പക്ഷിലോകത്തെ മാരത്തൺ പറക്കലുകൾക്ക് പ്രശസ്തമാണ് ഗോഡ്‌വിറ്റുകൾ. യുഎസിലെ അലാസ്കയിൽ നിന്നു നോൺസ്റ്റോപ്പായി പറന്നാണ് ഓസ്ട്രേലിയയിലെയും ന്യൂസീലൻഡിലെയുമൊക്കെ സ്ഥലങ്ങളിൽ ഇവ ദേശാടനകാലത്ത് എത്തുന്നത്. ഇത്രയും വലിയ പറക്കൽ നടത്തുന്നതിനു മുൻപ് ശാരീരികമായി ധാരാളം മാറ്റങ്ങൾ ഗോഡ്‌വിറ്റുകൾക്ക് വരാറുണ്ട്. ഇവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടും. ഇവയുടെ ഹൃദയത്തിലെയും നെഞ്ചുഭാഗത്തിലെയും പേശികൾ വലുതാകും. ദഹനവ്യവസ്ഥ ചുരുങ്ങും. പറക്കലിനിടയിൽ ഭക്ഷണം ആവശ്യമില്ലാത്തതിനാൽ ദഹനവ്യവസ്ഥ ചുരുങ്ങിയാലും കുഴപ്പമില്ലല്ലോ.
ഗോഡ്‌വിറ്റ് വിഭാഗത്തിലുള്ള ഒരു കുട്ടിപ്പക്ഷിയാണ്13, 560 കിലോമീറ്റർ ദൂരം നിർത്താതെ പറന്ന് 2022ൽ റെക്കോർഡ് ഇട്ടിരുന്നു. ഉത്തരധ്രുവമേഖലയ്ക്ക് സമീപം കാനഡയോട് അടുത്ത് കിടക്കുന്ന യുഎസിന്റെ അലാസ്ക സംസ്ഥാനത്തു നിന്നു പറന്ന ഈ പക്ഷി ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെയാണ് ഒറ്റപ്പറക്കൽ പറന്നത്.ഇതിനിടയിൽ ഒരിടത്തും നിന്നില്ല ഈ പക്ഷി. ഇതോടെ ഏറ്റവും നീണ്ട പക്ഷിപ്പറക്കലിനുള്ള ലോകറെക്കോർഡ് ഈ പെൺപക്ഷിയെത്തേടി വന്നു. ഇതിന്റെ കഴുത്തിൽ ഒരു ഇലക്ട്രോണിക് ടാഗ് മൃഗനിരീക്ഷകർ നേരത്തെ ഘടിപ്പിച്ചിരുന്നു. ഈ ടാഗ് ഉപഗ്രഹങ്ങൾ വച്ചുനിരീക്ഷിച്ചാണ് പക്ഷി പറന്ന പാത ശാസ്ത്രജ്ഞർ കണക്കാക്കിയത്.
STORY HIGHLIGHTS : bar-tailed-godwit-record-breaking-flight