എംബിഎ വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ അധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപെട്ട സംഭവത്തിൽ കേരള സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. അക്കാദമിക് യോഗ്യത പരിശോധിച്ച് വിദ്യാർഥിനിക്ക് ശരാശരി മാർക്ക് നൽകി വിജയപ്പിക്കാൻ സർവകലാശാലയ്ക്ക് ലോകായുക്ത നിർദേശം നൽകി. സർവകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർഥിയെ ബുദ്ധിമുട്ടിക്കുന്നത് സ്വാഭാവിക നീതിയല്ലെന്നും വീണ്ടും പരീക്ഷ നടത്തുന്നത് യുക്തിപരമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തരപേപ്പർ കളഞ്ഞുപോയ സാഹചര്യത്തിൽ കേരള സർവകലാശാല പുനഃപരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതാൻ കഴിയാതിരുന്ന അഞ്ജന പ്രദീപ് എന്ന വിദ്യാർഥിനിയാണ് ഈ വിഷയത്തിൽ ലോകായുക്തയെ സമീപിച്ചത്. വിദ്യാർഥിനിക്ക് മാത്രമായി പുനഃപരീക്ഷ നടത്താമെന്ന് സർവകലാശാല അറിയിച്ചെങ്കിലും ഇത് അപ്രായോഗികമാണെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് നിരീക്ഷിക്കുകയായിരുന്നു.
ജനുവരി മാസത്തിലാണ് പ്രൊജക്ട് ഫിനാൻസ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളുമായി പാലക്കാട്ടേക്ക് ബൈക്കിൽ സഞ്ചരിക്കവെയാണ് അധ്യാപകന്റെ പക്കൽനിന്നു നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടവയിൽ അഞ്ച് കോളേജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് ഉണ്ടായിരുന്നത്. വിവരം പുറത്തുവിടാതെ പരീക്ഷ വീണ്ടും നടത്താനായിരുന്നു സർവകലാശാലയുടെ നീക്കം. ഇതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തുകയായിരുന്നു.
STORY HIGHLIGHT: kerala university criticized for lost exam paper issue