നമ്മുടെ ഭൂമിയുടെ നാലില്‍ മൂന്നുഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ്. അതിനാൽ തന്നെ ബഹിരാകാശത്ത് നിന്നുനോക്കുമ്പോള്‍ ഒരു നീല ബോളുപോലെയാണ് ഭൂമിയെ കാണപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ ഒരുകാലത്ത് ഈ സമുദ്രങ്ങളുടെ നിറം പച്ചയായിരുന്നു എന്ന അവകാശവാദവുമായെത്തിയിരിക്കുകയാണ് ഇപ്പോൾ ജപ്പാനിലെ ചില ഗവേഷകര്‍. നാച്വറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഭൂമിയിലെ സമുദ്രങ്ങളെല്ലാം ഒരുകാലത്ത് പച്ച നിറത്തിലുള്ളതായിരുന്നുവെന്ന് ഗവേഷകര്‍ വിവരിച്ചിരിക്കുന്നത്. ജാപ്പനീസ് വോള്‍ക്കാനിക് ഐലന്‍ഡായ ഇവോ ജിമയക്ക് ഒരു പച്ച നിറമായിരുന്നു. ഐലന്‍ഡിന് ചുറ്റുമായി ബ്ലു-ഗ്രീന്‍ ആല്‍ഗകള്‍ ധാരാളമായി ഉണ്ടായിരുന്നു. ബ്ലു-ഗ്രീന്‍ ആല്‍ഗകള്‍ പേര് സൂചിപ്പിക്കുന്നത് പോലെ വെറും ആല്‍ഗകളല്ല അവ ബാക്ടീരിയകളാണ്. ഇവ പ്രകാശസംശ്‌ളേഷണത്തിനായി വെള്ളത്തിന് പകരം ഫെറസ് അയേണണാണ് ഇലക്ട്രോണുകളുടെ ഉറവിടമായി ഉപയോഗിച്ചത്.
സമുദ്രത്തില്‍ ഉയര്‍ന്ന അളവില്‍ ഉണ്ടായിരുന്ന ഇരുമ്പിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സൂര്യപ്രകാശം ഉപയോഗിച്ച് കാര്‍ബണ്‍ഡയോക്‌സൈഡ് അന്നജമാക്കി മാറ്റുന്നതിന് വേണ്ടി ഫോട്ടോസിന്തറ്റിക് ജീവികള്‍ അവയുടെ കോശങ്ങളിലെ പിഗ്മെന്റ്‌സ് പ്രധാനമായും ക്ലോറോഫിലുകളാണ് ഉപയോഗിക്കുന്നത്. ചെടികള്‍ക്ക് പച്ചനിറം നല്‍കുന്നത് ക്‌ളോറോഫിലാണ്. ബ്ലു-ഗ്രീന്‍ ആല്‍ഗകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ക്ലോറോഫിലും ഫൈക്കോറിത്രോബലിനും(പിഇബി)ഉപയോഗിക്കുന്നു. പിഇബി ഉള്ള ബ്ലു-ഗ്രീന്‍ ആല്‍ഗകള്‍ പച്ച വെള്ളത്തില്‍ നന്നായി വളരുന്നതായി ഗവേഷകര്‍ പ്രബന്ധത്തില്‍ പറയുന്നുണ്ട്. നമുക്ക് ദൃശ്യമാകുന്ന പ്രകാശ സ്‌പെക്ട്രയില്‍ ക്ലോറോഫില്‍ പ്രകാശസംശ്ലേഷണത്തിന് മികച്ചതാണെങ്കിലും, ഗ്രീന്‍ ലൈറ്റ് സാഹചര്യങ്ങളില്‍ പിഇബിയാണ് മികച്ചത്.
പണ്ടുകാലത്ത് സമുദ്രങ്ങളില്‍ ഇരുമ്പിന്റെ അംശം ഉണ്ടായിരുന്നു. ആര്‍ക്കിയന്‍ യുഗത്തില്‍ പ്രകാശസംശ്‌ളേഷണത്തോത് ഉയര്‍ന്നതോടെ പുറത്തുവരുന്ന ഓക്‌സിജന്‍ സമുദ്രജലത്തില്‍ ഓക്‌സിഡൈസ്ഡ് അയേണിന്റെ വര്‍ധനവിന് കാരണമായി. ഇതുമൂലം ജലത്തിന്റെ നിറം പച്ചയായി കാണപ്പെട്ടു. പ്രബന്ധത്തില്‍ പറയുന്നു. ഭൂമിയിലെ സള്‍ഫറിന്റെ തോത് ഉയര്‍ന്നാല്‍ കടലിന്റെ നിറം പര്‍പ്പിളായി കാണാനുള്ള സാധ്യതയുണ്ട്. അതുപോലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഭൂമിയിലെ പാറക്കഷ്ണങ്ങള്‍ ദ്രവിച്ച് ഉണ്ടാകുന്ന റെഡ് ഓക്‌സിഡൈസ്ഡ് അയേണ്‍ പുഴകളിലൂടെയും കാറ്റിലൂടെയും സമുദ്രത്തിലെത്തപ്പെട്ടാല്‍ സമുദ്രത്തിന് ചുവന്ന നിറം കൈവരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.
STORY HIGHLIGHTS : Oceans Were Once Green, Could Change Colour Again: Study