വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥയാണ് മൂത്രനാളിയിലെ അണുബാധ. ഇത് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്നും അറിയപ്പെടുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ അനുഭവപ്പെടുന്നതും മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതും രക്തസ്രാവം ഉണ്ടാകുന്നതും ഇടുപ്പു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. സ്ത്രീകളിലാണ് ഈ ഇൻഫെക്ഷൻ കൂടുതലായി കണ്ടുവരുന്നത്.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അണുബാധ വൃക്കകളിലേക്കും പടരാൻ സാധ്യതയുണ്ട്.
മൂത്രത്തിൽ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ വേഗം വൈദ്യസഹായം തേടണം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിച്ച് അണുബാധ പൂർണമായും മാറ്റണം. അല്ലെങ്കിൽ സങ്കീർണതകൾക്കുള്ള സാധ്യതയുണ്ട്.
മൂത്രസഞ്ചിയിലും മൂത്രനാളിയിലും കണ്ടുവരുന്ന അണുബാധയുടെ ലക്ഷണങ്ങൾ
മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
മൂത്രത്തിൽ രക്താംശം ഉണ്ടാവുക
വൃക്കകളിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനിയും കുളിരും ഉണ്ടാകാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും യൂറിൻ മൈക്രോസ്കോപ്പി ടെസ്റ്റും കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി ടെസ്റ്റും ചെയ്യേണ്ടതാണ്. മരുന്നുകൾ ഉടൻ തുടങ്ങണം.
യൂറിനറി കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി ടെസ്റ്റ് റിസൽട്ട് 72 മണിക്കൂറുകൾക്കുശേഷമേ ലഭിക്കൂ. അതിനനുസരിച്ച് ആവശ്യമായ മരുന്നുകൾ തീരുമാനിക്കുകയും ചെയ്യാം.
മരുന്നുകൾക്കു പുറമേ അണുബാധ തടയാൻ ചെയ്യാവുന്ന കാര്യങ്ങൾ
മൂത്രം ദീർഘനേരം പിടിച്ചുനിർത്തരുത്. അങ്ങനെ ചെയ്താൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും വഴിവെക്കും.
ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിക്കുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷ്മാണുക്കൾ മൂത്രനാളിയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ലൈംഗിക ബന്ധത്തിനു ശേഷം മൂത്രമൊഴിച്ച് സൂക്ഷ്മാണുക്കളെ പുറന്തള്ളേണ്ടത് പ്രധാനമാണ്.
ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും.
ആർത്തവസമയത്ത് പാഡുകൾ, മെൻസ്ട്രൽ കപ്പ്, ടാംപൂണുകൾ എന്നിവ ഇടയ്ക്കിടെ മാറ്റുക. സ്വകാര്യഭാഗങ്ങളിൽ ബാക്റ്റീരിയ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വം പാലിക്കണം.
പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇത് അണുബാധകളെ ചെറുക്കുന്നതിന് നല്ല പ്രതിരോധശേഷി നിലനിലനിർത്താൻ ശരീരത്തെ സഹായിക്കുന്നു.
പ്രമേഹം മുതലായ അസുഖങ്ങൾ ചികിത്സിച്ച് ഷുഗറിന്റെ അളവ് നിയന്ത്രിക്കണം.
ധാരാളം വെള്ളം കുടിക്കുക. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനും അണുബാധയ്ക്ക് കാരണമാകുന്നതിന് മുമ്പ് ബാക്റ്റീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനും സഹായിക്കും.
ശരിയായ ശുചിത്വം പാലിക്കുക. മൂത്രാശയ അണുബാധ ഉണ്ടാകുന്നത് സാധാരണയായി ഇ-കോളി പോലുള്ള ബാക്റ്റീരിയകൾ കാരണമാണ്. ഇത് ദഹനേന്ദ്രിയ വഴിയിലാണ്(gastrointestinal tract) കാണുന്നത്. അത് മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിൽ എത്താൻ സാധ്യത കൂടുതലാണ്. യോനീഭാഗത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം കഴുകുകയോ തുടയ്ക്കുകയോ ചെയ്യുമ്പോൾ മുന്നിൽ നിന്ന് പിന്നിലേക്ക് ചെയ്യുക. മലദ്വാരത്തിൽ നിന്ന് യോനിയിലേക്ക് ബാക്റ്റീരിയകൾ പടരുന്നത് തടയാൻ ഇത് സഹായിക്കും.
Content Highlight: urinary infection