തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരും കുടുംബസമേതം പൗരസാഗരത്തിന്‍റെ ഭാഗമാകും. വിവിധ സംഘടനകളും സംഗമത്തിൽ പങ്കെടുക്കും.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ഫെബ്രുവരി 10നാണു സമരം ആരംഭിച്ചത്. സർക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല. തങ്ങൾക്കൊപ്പം നിൽക്കാൻ ജനാധിപത്യവാദികളും സാധാരണക്കാരും മാത്രമേ ഉള്ളൂവെന്ന് ആശാ വർക്കർമാർ പറഞ്ഞു. തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്‍റെ അടുത്തഘട്ടം പ്രഖ്യാപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം ഇന്ന് 62-ാം ദിവസവും നിരാഹാര സമരം ഇരുപത്തി നാലാം ദിവസം തുടരുകയാണ്.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാർക്ക് ആദ്യഘട്ടത്തിൽ ഓണറേറിയമായി നൽകാൻ കഴിയുന്ന തുക എത്രയെന്ന് ഒരു ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാർ പറയുന്നു.
പൗരസാഗരത്തിന് കെ.സച്ചിദാനന്ദൻ, സാറാ ജോസഫ്, എം.എൻ.കാരശ്ശേരി, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ജസ്റ്റിസ് പി.കെ.ഷംസുദീൻ തുടങ്ങിയവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.