ഉപ്പുതറ: സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂത്തമകൻ ദേവന്റെ കഴുത്തിൽ വിരലമർത്തിയ പാടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മകനെ ബലംപ്രയോഗിച്ച് കെട്ടിത്തൂക്കിയതായി പോലീസ് സംശയിക്കുന്നു.
തങ്ങളുടെ മരണത്തിന് ഉത്തരവാദി കട്ടപ്പനയിൽ സ്വകാര്യ ധനകാര്യ സ്ഥാപനമാണെന്ന് എഴുതിയ സജീവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ സജീവ് കട്ടപ്പനയിലെ സ്വകാര്യ പണമിടപാടു സ്ഥാപനമായ കല്ലട ജനറൽ ഫിനാൻസിൽ നിന്നു വാഹനം പണയപ്പെടുത്തി എടുത്തിരുന്ന 3 ലക്ഷം രൂപയുടെ തിരിച്ചടവ് രണ്ടു തവണ മുടങ്ങിയിരുന്നു. തുടർന്നു ജീവനക്കാർ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.
കൂടുതൽ അന്വേഷണത്തിന് ശേഷമേ സംഭവത്തിൽ സ്ഥാപനത്തിനും ജീവനക്കാർക്കുമുള്ള പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി.