കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെയും പരിക്കേറ്റ പൊലീസുകാരന്‍റെയും പരാതിയിലാണ് കേസ്. സംഭവത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇന്നലെ പുലെർച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്.
ബാർ കൗൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. 12 വിദ്യാർഥികൾക്ക് പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകർക്കും, 2 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബിയർ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ പ്രശ്നം ഉണ്ടാക്കിയത് വിദ്യാർഥികളാണെന്ന് അഭിഭാഷകർ പറഞ്ഞു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.
ഉച്ചയോടെ വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു. എന്നാൽ വിദ്യാർഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. കോളജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ടുണ്ട്.