തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്ന പോസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
പഴയ സിനിമാ രംഗം പോസ്റ്റ് ചെയ്ത്, ഐഎഎസ് ഓഫീസർമാർ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്നാണ് പരിഹാസം. നസീർ, ഷീല തുടങ്ങിയവർ അഭിനയിച്ച സിനിമയിലെ ഭാഗമാണ് പോസ്റ്റ് ചെയ്തത്. അതിൽ ഷീല ഭയചകിതയായി പെരുമാറുന്നത് പോലെ ഐഎഎസ് ഓഫീസർ പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാണ് പരിഹാസം.
പോസ്റ്റിന്‍റെ പൂർണരൂപം
‘‘സിവിൽ സർവീസ് അക്കാദമി: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം. ബ്ലാക്ക് ആന്റ് വൈറ്റ് വിഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം. പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ.’’