കലൂർ സ്റ്റേഡിയത്തിൽ നിന്നും വീണ് അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് കെ.ടി. ജലീൽ. സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രിയെന്ന നിലയിൽ സജി ചെറിയാനും സർക്കാരിനുമെതിരെ പരിക്കു മാറിയെത്തിയ ശേഷം അതിഗുരുതര പരാമർശം നടത്തിയതിനെ തുടർന്നാണ് എംഎൽഎയുടെ സന്ദർശനം. അൻവറിനെ പോലെ ഇടതു പാളയത്തിൽ നിന്നും ചാടാനൊരുങ്ങുന്ന ഒരാൾ എന്ന നിലയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ജലീലിന്റെ സന്ദർശനം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പിൽ നിന്നും………..
ഒത്തിരി കാര്യങ്ങൾ പറഞ്ഞ് ഉമാതോമസിനൊപ്പം ഇത്തിരി നേരം!
കഴിഞ്ഞ ദിവസമാണ് ഉമാ തോമസ് MLA-യെ കാണാൻ എറണാങ്കുളത്ത് പോയത്. ആരോഗ്യനില ഏതാണ്ട് പൂർണ്ണമായും വീണ്ടെടുക്കാൻ അവർക്ക് കഴിഞ്ഞ കാര്യം നേരിട്ട് ബോദ്ധ്യമായപ്പോൾ ഏറെ സന്തോഷം തോന്നി. പി.ടി തോമസിൻ്റെ വിയോഗം തീർത്ത ശൂന്യതയിൽ തീർത്തും അപ്രതീക്ഷിതമായാണ് ഉമാ തോമസ് രാഷ്ട്രീയത്തിൽ എത്തിപ്പെട്ടത്. ഒഴുക്കിനെതിരെ നീന്തി കേരള രാഷ്ട്രീയത്തിൽ തൻ്റേതായ വഴി വെട്ടിയ ധീരനാണ് പി.ടി എന്ന കോൺഗ്രസ്സുകാരൻ. വിവാഹം പോലും അദ്ദേഹത്തിൻ്റെ വേറിട്ട സഞ്ചാരപഥം അടയാളപ്പെടുത്തി. നിനച്ചിരിക്കാത്ത നേരത്താണ് ഉമാ തോമസ് ഒരു പൊതുചടങ്ങിനിടയിൽ കാൽതെന്നി വീണ് അപകടത്തിൽ പെട്ടത്. വേദി തയ്യാറാക്കിയപ്പോൾ സംഘാടകർ കുറച്ചു കൂടി സൂക്ഷ്മത പുലർത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടം. ആ ദൃശ്യം കണ്ടവരെല്ലാം ഞെട്ടി. കാലിഫോർണിയയിൽ വെച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാനത് ശ്രദ്ധിച്ചത്. അറിയാതെ തലയിൽ കൈ വെച്ച് മിഴിച്ചു നിന്നു. വല്ലാത്ത ഹൃദയ വേദന തോന്നിയ നിമിഷം. പിന്നീടുള്ള ദിവസങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റ മനസ്സോടെ അവരുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ മുഴുകി. മലയാളക്കരയുടെ ഒന്നിച്ചുള്ള പ്രാർത്ഥന ദൈവം കേട്ടു. ഉമാ തോമസ് ഊർജ്ജസ്വലതയോടെ പൊതു പ്രവർത്തന രംഗത്ത് വീണ്ടും സജീവമായി. കുറച്ചു നാളത്തെ ആയുർവേദ ചികിത്സയും കൂടി കഴിഞ്ഞാൽ അവർക്ക് പഴയ സ്ഥിതിയിൽ എത്താനാകും.
ഏതാണ്ട് അര മണിക്കൂറോളം തൃക്കാക്കരയുടെ പ്രിയങ്കരിയുമായി സംസാരിച്ചിരുന്നു. ചേരാനല്ലൂരിലെ എൻ്റെ സുഹൃത്ത് അമ്മു എന്ന അബ്ദുറഹിമാനുമൊത്താണ് അവരുടെ വീട്ടിൽ പോയത്. ഉച്ചക്ക് ശേഷം മൂന്നുമണി മുതൽ അഞ്ചുമണി വരെ ഫിസിയോ തെറാപ്പിയാകും എന്നറിഞ്ഞതിനാൽ ആറുമണിയോട് അടുത്താണ് തൃക്കാക്കരയിലെ പി.ടിയുടെ വസതിയിൽ എത്തിയത്. മകനും ഉമാ തോമസിൻ്റെ പി.എയും വീടിന് മുന്നിൽ തന്നെ നിന്നിരുന്നു. അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചിരുത്തി. അൽപ സമയം കഴിഞ്ഞപ്പോൾ എം.എൽ.എ നിറചിരിയോടെ കൈകൂപ്പി സ്വീകരണ മുറിയിലേക്ക് വന്നു. ആദ്യ നോട്ടത്തിൽ തന്നെ വലിയ സംതൃപ്തി തോന്നി. കണ്ണുകളുടെ പരിക്കൊക്കെ പൂർണ്ണമായും സുഖപ്പെട്ടിരിക്കുന്നു. മുഖത്തെ പ്രസന്നതക്ക് ഒരു കുറവുമില്ല. പതിവു പോലെ സ്നേഹത്തിൽ ചാലിച്ച അന്വേഷണങ്ങൾക്ക് ഉമാ തോമസാണ് തുടക്കമിട്ടത്. കഴിഞ്ഞ സഭാ സമ്മേളനത്തിൻ്റെ വിശേഷങ്ങൾ, അസുഖമായി ക്ലാസ്സിൽ പോകാൻ കഴിയാത്ത ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഉമാ തോമസ് ചോദിച്ചറിത്തു. എല്ലാം വള്ളിപുള്ളി തെറ്റാതെ വിസ്തരിച്ചു കൊടുത്തു. സഭ നടക്കുമ്പോൾ അവരുടെ സീറ്റിനടുത്തുള്ള അഡ്വ: യു.എ ലത്തീഫ്ക്കയെ കാണാൻ ഇടക്കിടെ ഞാൻ പോകാറുണ്ട്. അപ്പോഴെല്ലാം പി.ടിയുടെ പ്രിയതമയോട് സുഖവിവരങ്ങൾ ചോദിക്കാറ് പതിവാണ്. ഒപ്പം തമാശകളും പറയും. ഒരു സഹോദരിയോട് വർത്തമാനം പറയുമ്പോഴുള്ള ‘ഫീലാണ്’ അവരോട് സംസാരിച്ചാലെന്ന്, ഹമീദ് മാഷ് എം.എൽ.എയോട് പറഞ്ഞത് എൻ്റെ ഓർമ്മപ്പുറത്ത് തെളിഞ്ഞു.
ഉമാ തോമസിൻ്റെ വസതി മുഴുവൻ പി.ടിയുടെ ഓർമ്മകളാൽ നിറഞ്ഞു തുളുമ്പിയത് ഞാൻ ശ്രദ്ധിച്ചു. ഏറെയും കുടുംബകാര്യങ്ങളാണ് ഞങ്ങൾ ചോദിച്ചറിഞ്ഞത്. വിവാദമായ അവരുടെ വിവാഹവും ചർച്ചയായി. പി.ടി തോമസിൻ്റെയും, ഉമാ തോമസിൻ്റെയും കുടുംബ ചരിതം മുഴുവൻ അവരിൽ നിന്ന് മനസ്സിലാക്കി. ലത്തീഫ് എം.എൽ.എയും ഭാര്യയും ഒരുമിച്ചെടുത്ത റീൽസും സംഭാഷണമദ്ധ്യെ കയറി വന്നു. ആ റീൽസ് കണ്ട ശേഷം ലത്തീഫാക്കാനെ “കണ്ണും കണ്ണും” എന്നാണ് ഞാൻ വിളിക്കാറെന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിച്ചിരിച്ചു. അടുത്ത സഭാ സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനയപൂർവ്വം ഉണർത്തി. ചായക്കായി അവർ സൂചന നൽകിയപ്പോൾ നിർബന്ധ ബുദ്ധിയോടെ നിരുത്സാഹപ്പെടുത്തി. പക്ഷെ, അവർ വഴങ്ങിയില്ല. വൈകാതെ ചായയുമായി അവരുടെ സഹായി എത്തി. വൈകുന്നേരത്തെ ചുടുചായക്കൊപ്പം കൊറിക്കാൻ പിസ്തയും മുന്നിൽ കൊണ്ടുവന്നു വെച്ചു. മധുരത്തോടൊപ്പം ഉമാ തോമസിൻ്റെ ആഥിത്യമര്യാദയും ചേരുവ ചേർത്ത ചായക്ക് നല്ല രുചിയായിരുന്നു. സഹപ്രവർത്തകക്ക് ആശംസകൾ നേർന്ന് പടിയിറങ്ങുമ്പോൾ പൂമുഖവാതിൽ വരെ അവർ ഞങ്ങളെ അനുഗമിച്ചു. ഉമാ തോമസിൻ്റെ ആരോഗ്യ വീണ്ടെടുപ്പിനായി ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടാണ് തൃക്കാക്കരയിലെ പി.ടിയുടെ ഭവനത്തിൽ നിന്ന് കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ജുമാ മസ്ജിദിലേക്ക് അവിടുത്തെ ഇമാമും പ്രിയ സുഹൃത്തുമായ ജുനൈദ് നൂറാനിയെ കാണാനായി തിരിച്ചത്.
അവിടെ ചെന്നപ്പോൾ പള്ളിക്കമ്മിറ്റി ഭാരവാഹികളിൽ ചിലർ അവിടെ നിൽപ്പുണ്ട്. കണ്ടപാടെ അവർ അടുത്തുവന്ന് സലാം ചൊല്ലി. ഞാൻ സലാം മടക്കി. അവരെന്നെ നേരെ കമ്മിറ്റി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി. അൽപ്പ സമയത്തിനകം ഭാരവാഹികളെല്ലാം ഓടിക്കിതച്ചെത്തി. പള്ളിയുടെ തൊട്ടടുത്ത് ഉമ്മുൽഖുറ അനാഥ അഗതി മന്ദിരവും ഇസ്ലാമിക് ആർട്സ് കോളേജും പ്രവർത്തിക്കുന്നതായി അറിഞ്ഞു. നാലായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന മഹല്ലാണ് കലൂരെന്ന്, ചോദ്യത്തിനുത്തരമായി പ്രസിഡണ്ട് മൊഴിഞ്ഞു. ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളും കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതായി ജനറൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തി. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ മഹല്ലിൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഇമാം നൂറാനി വ്യക്തമാക്കി. രാത്രി 11 മണിക്ക് ശേഷം കടകൾ തുറക്കുന്നത് നിർത്തിയാൽ ഒരളവോളം ലഹരി ഉപയോഗവും വിൽപ്പനയും തടയാനാകുമെന്നാണ് ചർച്ചക്കിടയിൽ സ്ഥലത്തെ പ്രധാനികൾ അഭിപ്രായപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് മഹല്ലിലെ പൗരപ്രമുഖർ എന്നെ ചുമതലപ്പെടുത്തി. അക്കാര്യം തീർച്ചയായും ചെയ്യാമെന്ന് അവർക്ക് ഉറപ്പു നൽകി, ഇശാ നമസ്കാരം കഴിഞ്ഞ് ഇമാം ജുനൈദ് നൂറാനിയേയും കൂട്ടി ഞങ്ങൾ കൊച്ചി ഒന്ന് ചുറ്റിക്കറങ്ങി. അമ്മുവിൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് ഞങ്ങൾ തിരികെ മടങ്ങിയത്.
content highlight: Uma Thomas