നല്ല ബീഫ് ചാപ്സും പൊരിച്ച പത്തിരിയും കഴിക്കാൻ തോന്നിയാൽ ഇനി കൊച്ചിയിലേക്ക് വിട്ടോളൂ… കൊച്ചിയിലെ വാഴക്കാലയിൽ സ്ഥിതി ചെയ്യുന്ന ആബിദ ഹോട്ടലിലേക്ക്. വിവിധ രുചികൾ അന്വേഷിക്കുന്ന ആസ്വാദകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ആഹാരാനുഭവം തന്നെ ഇവിടുന്ന് ലഭിക്കും. ഇവിടത്തെ മെയിൻ മട്ടൻ ചാപ്‌സും ബീഫ് ചാപ്‌സുമാണ്. അതിൻറെ കൂടെ കഴിക്കാൻ ഏറ്റവും നല്ലത് പൊരിച്ച പത്തിരി തന്നെയാണ്. നല്ല ചൂട് എണ്ണയിൽ പൊരിച്ചെടുത്ത പൊരിച്ച പത്തിരിക്ക് അസാധ്യ സ്വാദാണ്. പൊരിച്ച പത്തിരി മാത്രമല്ല കേട്ടോ.. പുട്ട്, ഇടിയപ്പം, ഇഡലി, അപ്പം പെറോട്ട ഇവയെല്ലാം ഉണ്ട്. ഇതിൻ്റെയെല്ലാം കൂടെ ഈ ചാപ്സ് കഴിക്കാവുന്നതാണ്. ആവശ്യക്കാർക്ക് മറ്റ് കറികളും ഉണ്ട്.
ഇവിടത്തെ ചാപ്‌സ് സ്‌പെഷ്യലാണ്. അതും ബീഫ് ചാപസ്. ഒരുപക്ഷേ കൊച്ചിയിലെ തന്നെ ഏറ്റവും രുചികരമായ ബീഫ് ചാപ്‌സ് കിട്ടുന്നത് അബിദയിൽ ആയിരിക്കും.
ബീഫ് ചാപ്സ് തയ്യാറാക്കുന്നതിനും ഓരോ രീതികളുണ്ട്. ബീഫ് വലിയ കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ സവാളയും മഞ്ഞൾപൊടിയും ഉപ്പും കൂടെ ചേർത്ത് നന്നായി തിരുമ്മി വയ്ക്കും. ശേഷം പ്രഷർ കുക്കറിൽ വെച്ച് വേവിച്ചെടുക്കും. പിന്നീട് ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ഒരു തക്കാളിയും കൂടെ ചേർത്ത് വഴറ്റും. ശേഷം വേവിച്ചു വെച്ച ബീഫ് കൂടെ ചേർത്ത് കൊടുക്കും. പിന്നീട് ഇവരുടെ ഒരു സ്പെഷ്യൽ മസാലയും തേങ്ങ അരച്ചതും ചേർത്ത് വേവിച്ച് എടുക്കും. ആഹാ! ഇത് പുട്ടിൻ്റെ കൂടെ കഴിക്കാൻ കിടിലനാകും. ചൂട് ചാറ് പുട്ടിൻ്റെ മുകളിലൊഴിച്ച് കഴിച്ച് നോക്കണം… ഹമ്പോ.. ഉഗ്രനാണ്…
പുട്ട്, പൊറാട്ട, അപ്പം, പത്തിരി, കൂടെ കഴിക്കാൻ ഗ്രീൻപീസ് കറി, ബീഫ് ചാപ്സ് കറി, മട്ടൻ ചാപ്‌സ് കറി, ബീഫ് കറി ഇത്രയുമാണ് ഇന്നത്തെ സ്പെഷ്യൽ. ആ ചൂട് പൊറാട്ടയുടെ സൈഡിലേക്ക് നല്ല കുറുകിയ ബീഫ് കറിയും അല്പം ബീഫ് ചാപ്‌സ് കറിയും എടുത്ത് ഈ കറിയിൽ അങ്ങ് മുക്കി കഴിക്കുക. അല്പം ബീഫ് കറിയും കഷ്ണവും കൂടെ ചേർത്ത് കഴിക്കണം, ആഹാ!
ഒരു കഷ്ണം പുട്ട് എടുത്ത് അല്പം ബീഫ് ചാപ്സ് കറി കൂടെ ഒഴിച്ച് പുട്ട് നന്നായി ഒന്ന് മിക്സ് ചെയ്യണം. ഈ കറിയിൽ കിടന്ന് പുട്ട് ഒന്ന് സോക് ആകും, ഒരു ബീഫിൻ്റെ കഷ്ണവും ഗ്രേവിയും പുട്ടും കൂടെ ഒരു പിടി പിടിക്കാം. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദാണ്. ഇത് അനുഭവിച്ച് തന്നെ അറിയണം. അത്രയ്ക്കും കിടിലനാണ്.
ഇനങ്ങളുടെ വില:
1. പറോട്ട: രൂപ. 10/-
2. അപ്പം: Rs.10/-
3. പുട്ട്: രൂപ. 30/-
4. പത്തിരി: 10/- രൂപ
5. ബീഫ് ചാപ്‌സ്: 50/- രൂപ (ഒറ്റയ്ക്ക്)
6. മട്ടൺ ചാപ്‌സ്: 100/- രൂപ (ഒറ്റയ്ക്ക്)
7. ബീഫ് കറി: 100/- രൂപ
8. ഗ്രീൻ പീസ്: 35/- രൂപ
9. ചായ: 10/- രൂപ
വിലാസം: ആബിദ ഹോട്ടൽ, ഹിഡൻ സ്പേസിന് സമീപം, വാഴക്കാല, കൊച്ചി, കാക്കനാട്, കേരളം 682037
ഫോൺ നമ്പർ: 06282941042