വഖഫ് ഭേദഗത നിയമത്തിനെതിരായ പ്രതിഷേധം ബംഗാളില്‍ അക്രമാസക്തമാകുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പ്രതിഷേധം രണ്ട് ഇടങ്ങളിലാണ് പ്രധാനമായും അക്രമാസക്തമായത്. മുർഷിദാബാദ് ജില്ലയിൽ വെള്ളിയാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും ജംഗിപൂരിൽ ജനങ്ങൾ പൊലീസ് ജീപ്പ് കത്തിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു.
ടി എം സി എംപി ഖലീലുർ റഹ്മാന്റെ ഓഫീസും കൊള്ളയടിക്കപ്പെട്ടു. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. പ്രതിഷേധക്കാർ റെയിൽ ട്രാക്കുകളിൽ കുത്തിയിരുന്നതിനാൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു.
അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകി.
ഗവർണർ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവൻ സ്ഥിരീകരിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ 24×7 കൺട്രോൾ റൂമും പൊതുജന സഹായത്തിനായി ഒരു പ്രത്യേക ഹെൽപ്പ് ലൈനും ഒരുക്കിയിട്ടുണ്ട്.