ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പരാതിക്കാരിക്ക് ശരാശരി മാര്‍ക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കാന്‍ കേരള യൂണിവേഴ്‌സിറ്റിയോട് നിര്‍ദ്ദേശിച്ച് ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാറും ഉപലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കി. കേരള യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി കഴക്കൂട്ടം ഡി.സി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയിലെ 2022-2024 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന അഞ്ജന പ്രദീപ് ആണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
2024 ഏപ്രില്‍ 22 മുതല്‍ മെയ് 31 വരെയായി മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തിയിരുന്നെന്നും അവസാനത്തെ പരീക്ഷ ആയ ‘പ്രൊജക്റ്റ് ഫിനാന്‍സ് ‘ഉള്‍പ്പെടെ എല്ലാ പരീക്ഷയും താന്‍ എഴുതിയിരുന്നെന്നും 2024-ല്‍ തന്നെ നാലാം സെമസ്റ്റര്‍ പരീക്ഷയും കഴിഞ്ഞിരുന്നെന്നും റിസള്‍ട്ട് പ്രസിദ്ധീകരിക്കാത്തതിന് എന്താണ് കാരണമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. 07-04-2025 നു നടന്ന മൂന്നാം സെമസ്റ്റര്‍ ‘പ്രൊജക്റ്റ് ഫിനാന്‍സ് ‘ പേപ്പര്‍ സ്‌പെഷ്യല്‍ പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടു ഇമെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പരാതിക്കാരി ലോകായുക്തയെ സമീപിച്ചത്.
പരാതിക്കാരി 2024-ല്‍ ഈ പരീക്ഷ എഴുതിയിരുന്നെന്നും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്ന് വന്ന വീഴ്ചക്കു താന്‍ ഉത്തരവാദിയല്ലെന്നും അതുകൊണ്ടു തന്നെ സ്‌പെഷ്യല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ട മൂന്നാം സെമസ്റ്റര്‍ ‘പ്രൊജക്റ്റ് ഫിനാന്‍സ് ‘ പേപ്പറിനു ശരാശരി മാര്‍ക്ക് നല്‍കി മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. തന്റേതല്ലാത്ത കുറ്റത്തിന് ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ഇത്രയും കാലത്തിനു ശേഷം മുന്നൊരുക്കത്തിനുള്ള സമയം പോലും നല്‍കാതെ വീണ്ടും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് യുക്തിരഹിതവും അനീതിയുമാണെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് ആര്‍. എസ്. ബാലമുരളി ഹാജരായി
CONTENT HIGH LIGHTS;Missing answer sheet incident: Lokayukta asks Kerala University to give average marks; Justice for Anjana Pradeep without writing special examination