അമേരിക്കയുടെ ചൈനയുമായുള്ള വ്യാപാര യുദ്ധം ആഗോളവിപണിയിൽ തന്നെ വൻ മാറ്റമാണ് വരുത്തിയത്. ട്രംപിന്റെ ചൈന വിരോധം താരിഫ് യുദ്ധത്തിലാണ് എത്തി ചേർന്നിരിക്കുന്നത്. എന്നാൽ ഈ വ്യാപാരയുദ്ധം ഇന്ത്യയ്ക്ക് നേട്ടമായേക്കാമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
ചൈന ഒഴികെയുള്ള വ്യാപാര പങ്കാളികള്‍ക്കു ചുമത്തിയ അധിക നികുതി 90 ദിവസത്തേയ്ക്ക് മരവിപ്പിക്കുന്നതായി യുഎസ് നേരതെത വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയ്ക്ക് ചുമത്തിയ 125% നികുതിക്കു പുറമേ നേരത്തേ പ്രഖ്യാപിച്ച 20 ശതമാനം നികുതി കൂടി ബാധകമായിരിക്കുമെന്നു വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തു. ഇത് ചൈനയെ പൂട്ടാനുള്ള ഒരു ട്രം കാർഡായിരുന്നു. എന്നാൽ ചൈനയും പകര തീരുവയുമായി പ്രതികാര രംഗത്തുണ്ട്.
വ്യാപാര യുദ്ധം രൂക്ഷമായതോടെ ചൈനീസ് ഇറക്കുമതി കുറയ്ക്കാന്‍ യുഎസ് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചൈനയ്ക്ക് പകരമായി ഇന്ത്യൻ വിപണിയിലേക്കായിരിക്കും ഏവരും ഉറ്റുനോക്കുക. നിരവധി ചൈനീസ് ഇലക്ട്രോണിക് ഘടക നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 5% വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഇളവുകളുടെ ഒരു ഭാഗം ഇന്ത്യന്‍ ഇലക്ട്രോണിക് നിര്‍മ്മാതാക്കള്‍ കിഴിവായി ഉപഭോക്താക്കള്‍ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
ഇതുവഴി വിപണികളിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയില്‍ ടിവി, ഫ്രിഡ്ജ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ നിരവധി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില കുറയും. വ്യാപാര യുദ്ധം ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും. ഡിമാന്‍ഡ് കുറയുമെന്ന ആശങ്ക ചൈനീസ് ഘടക നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്ന മോഹ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ എന്തും ചെയ്യും.
ചൈനയ്ക്ക് ചുമത്തിയിരിക്കുന്ന 145% താരിഫ് അര്‍ത്ഥമാക്കുന്നത്, ചൈനയില്‍ നിര്‍മ്മിച്ച 100 ഡോളറിന്റെ ഉല്‍പ്പന്നം യുഎസില്‍ എത്തുമ്പോള്‍ 245 ഡോളര്‍ വിലവരും എന്നാണ്. വില ഇങ്ങനെ കുതിക്കുമ്പോള്‍ ഡിമാന്‍ഡ് കുറയുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. യുഎസില്‍ നഷ്ടമാകുന്ന വിപണി മറ്റു രാജ്യങ്ങളില്‍ തിരിച്ചുപിടിക്കാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതമാകും. ഇതില്‍ മുന്നില്‍ ഇന്ത്യ തന്നെയാകും.
ചൈനയോട് സന്ധിയില്ലെന്ന നിലപാടിലാണ് ട്രംപ്. ഇതു ഒതു തരത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാണ്. നിലവില്‍ ചൈനയില്‍ ഉല്‍പ്പാദനം നടത്തുന്ന ആപ്പിള്‍ അടക്കമുള്ള വമ്പന്‍മാര്‍ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റും. ഇന്ത്യ ഉല്‍പ്പാദന കേന്ദ്രവും കയറ്റുമതി ഹബ്ബും ആകുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്കു വില കുത്തനെ കുറയും. കാരണം ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയും കുറവായിരിക്കും.
ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ആഗോള വിപണിയെ ഇന്ത്യയ്ക്ക് അനുകൂലമാക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ വ്യാപരയുദ്ധം ഇന്ത്യയ്ക്ക് നേട്ടമാക്കാവുന്നതാണ്. ഒരു പക്ഷെ ഐഫോൺ അടക്കമുള്ളവ ഇന്ത്യൻ വിപണിയിൽ ചെറിയ തുകയ്ക്ക് എത്തിയേക്കാം.