വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രിം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഉടമകൾ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം. ഹൈക്കോടതി വിധിയിൽ ഇടക്കാല ഉത്തരവ് പുറപ്പിവിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നാണ് ആവശ്യം.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ അധികം കെട്ടിവെക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയിൽ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.