Kerala

രണ്ട് ജഡ്ജിമാരാണോ ഭരണഘടന ഭേദഗതി തീരുമാനിക്കുന്നത്? സുപ്രീം കോടതിക്കെതിരെ കേരള ഗവർണർ

ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിനാണെന്നും ഗവർണർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ ചോദിക്കുന്നു. വിഷയം ഭരണഘടന ബെഞ്ചിന് വിടണം ആയിരുന്നു. സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്ന് ​ഗവർണർ പറഞ്ഞു. കോടതികൾ ഭരണഘടനാ ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്ന് രാജേന്ദ്ര അർലേക്കർ ചോദിച്ചു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാകും, പക്ഷേ അത് പാർലമെന്റ് തീരുമാനിക്കണമെന്ന് അദേഹം പറഞ്ഞു.

വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ടാകണം. സുപ്രീംകോടതി ജഡ്ജിമാർക്ക് ചില കാരണങ്ങളുണ്ടെങ്കിൽ, ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം- ​ഗവർണർ കൂട്ടിച്ചേർത്തു.

Latest News