വീട്ടിലെ പ്രസവങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമാണ് വാദങ്ങൾ. എസ് വൈഎസ് ജനറൽ സെക്രട്ടറി എപി അബ്ദുൽ ഹക്കീം അസ്ഹരി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വീണ്ടും ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. പ്രസവം സ്വാഭാവിക പ്രക്രിയ ആണെന്നും സിസേറിൻ ഡോക്ടർമാരുടെ കച്ചവട തന്ത്രമാണെന്നുമായിരുന്നു പരാമർശം. ഒരു കുട്ടി നാലു വർഷം വരെ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ പരാമർശത്തിനെതിരെ ഡോ. മനോജ് വെള്ളനാട് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.
പോസ്റ്റിൽ നിന്നും….
40 ആഴ്ചയാണ് ഒരു പൂർണ ഗർഭത്തിൻ്റെ കാലാവധി. 40 ആഴ്ചകൾക്ക് ശേഷവും പ്രസവിച്ചില്ലെങ്കിൽ അതിനെ പോസ്റ്റ്-ടേം പ്രെഗ്നൻസി എന്നാണ് പറയുന്നത്. പോസ്റ്റ്-ടേം പ്രെഗ്നൻസി അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് റിസ്കാണെന്ന് പറയുന്നു.
പോസ്റ്റ്-ടേം പ്രെഗ്നൻസി കാരണം കുഞ്ഞിനുണ്ടാകാവുന്ന പ്രശ്നങ്ങള്‍
40 ആഴ്ച കഴിഞ്ഞാൽ കുഞ്ഞിന്റെ വലിപ്പം കൂടാം, ചിലപ്പോൾ ഭാരം നാല് കിലോയിൽ കൂടുതലാകാം. ഇത് പ്രസവം പ്രയാസമുള്ളതാക്കും. പ്രസവ സമയത്ത് കുഞ്ഞിന്റെ തോളുകൾ കുടുങ്ങുന്ന ഷോൾഡർ ഡിസ്റ്റോഷ്യ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കുഞ്ഞിനും അമ്മയ്ക്കും പ്രസവാനന്തര ബുദ്ധിമുട്ടുകൾ പലതും പ്രതീക്ഷിക്കാം.
അപൂർവമായി, പോസ്റ്റ്-ടേം ഗർഭങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിക്കുന്ന സ്റ്റിൽബർത്തിനുള്ള സാധ്യതയും ഉണ്ട്.
അമ്മയ്ക്ക് ഉണ്ടാകാവുന്ന സങ്കീർണതകൾ
നീണ്ട പ്രസവ സമയം (Prolonged Labor):
കുഞ്ഞിന്റെ വലിപ്പം കൂടുതലാണെങ്കിൽ, പ്രസവം നീണ്ടുപോകാം. ഇത് അമ്മയെ ശാരീരികമായും മാനസികമായും തളർത്തും. മിക്കപ്പോഴും സിസേറിയൻ ആവശ്യമായി വന്നേക്കാം.
ഗർഭാശയ അണുബാധ (Chorioamnionitis):
അമ്നിയോട്ടിക് ദ്രാവകം കുറയുകയോ, മീക്കോണിയം കലരുകയോ ചെയ്താൽ, ഗർഭപാത്രത്തിൽ അണുബാധ ഉണ്ടാകാം.
പോസ്റ്റ്‌പാർട്ടം ഹെമറേജ്:
നീണ്ട പ്രസവ സമയവും, വലിയ കുഞ്ഞും, അല്ലെങ്കിൽ ഗർഭാശയത്തിന് അമിതമായി വളരേണ്ടി വരുന്നതും ഒക്കെ പ്രസവ സമയത്തോ ശേഷമോ അമിത രക്തസ്രാവത്തിന് കാരണമാവാം.
പോസ്റ്റ്-ടേം പ്രെഗ്നൻസിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ആര്‍ത്തവം ക്രമരഹിതമായാല്‍ അവസാനമായി ആര്‍ത്തവം വന്ന തീയതി വച്ചുള്ള കണക്കുകൂട്ടലുകളിൽ പിഴവ് സംഭവിക്കാമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ (hypothyroidism), പ്രമേഹം, അമിതവണ്ണം ഒക്കെ ഉണ്ടെങ്കിലും പ്രഗ്നൻസി നീളാം. എന്നാല്‍ ഗർഭകാലത്ത് കൃത്യമായി ഡോക്ടറെ കണ്ട് സ്കാനൊക്കെ ചെയ്യുന്നവർക്ക് ഇതൊന്നും പേടിക്കേണ്ടതില്ല. അമ്ന്യോട്ടിക് ഫ്ലൂയിഡിൻ്റെ അളവും കുഞ്ഞിൻ്റെ വളർച്ചയും അമ്മയുടെ രക്തസമ്മര്‍ദവും പ്രമേഹവുമൊക്കെ കൃത്യമായി നോക്കുന്ന കേസുകളിൽ ചെറിയ വ്യത്യാസങ്ങൾ പോലും നേരത്തെ തിരിച്ചറിയാനും വേണ്ട ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാനും പ്രസവം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനും സാധിക്കും.
content highlight: Post-Term Pregnancy