പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമിച്ച് കാമുകൻ. ഹരിയാണയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സഭവം. സ്യൂട്ട്കെയ്സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞതോടെയാണ് പദ്ധതി പാളിയതെന്നാണ് വിവരം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥിയെ പിടികൂടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തറയിൽ വെച്ചിരിക്കുന്ന സ്യൂട്ട്കെയ്സ് തുറക്കുന്നതും ഇതിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന പെൺകുട്ടി പുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിലുള്ള വിദ്യാർഥിയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇതേ കോളേജിലെ വിദ്യാർഥിനിയാണോ സ്യൂട്ട്കെയ്സിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല. പെൺകുട്ടി വിദ്യാർഥിയുടെ കാമുകിയാണെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ പുറത്തു വന്നു. സംഭവത്തെക്കുറിച്ച് സർവകലാശാലയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നതും വീഡിയോ റീഷെയർ ചെയ്യുന്നതും. ഐഡിയ നല്ലതായിരുന്നു, പക്ഷേ പാളിപ്പോയി എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ട്.