പ്രകൃതി സൗന്ദര്യത്തിന് ഒരു പൂർണ്ണതയുണ്ടെങ്കിൽ അത് രാജസ്ഥാനിലെ മൌണ്ട് അബുവിൽ കാണാം. തെളിനീര്‍ തടാകങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതി തന്‍റെ വിസ്മയചെപ്പ് സഞ്ചാരികള്‍ക്കു മുമ്പില്‍ തുറന്നു വച്ചിരിക്കുകയാണ് മൌണ്ട് അബുവില്‍. പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങളും അവിടേക്കെത്തുന്ന തീര്‍ത്ഥാടകരുമെല്ലാം ചേര്‍ന്ന് മൌണ്ട് അബുവിനു ഒരു ദൈവിക ഭാവം കൂടി പകര്‍ന്നു നല്‍കുന്നു. ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയായ മൌണ്ട് അബു രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതി ഭംഗിയോടൊപ്പം തന്നെ ചരിത്രപരമായ ഒരു പാട് വസ്തുതകള്‍ ഇവിടവുമായി ഇഴചേര്‍ന്ന് കിടക്കുന്നു. ഇവിടുത്തെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുവാനും പഴമയിലേക്കു ഒന്നെത്തിനോക്കാനുമായി ധാരാളം യാത്രികര്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്നുണ്ട്. നാഗ ദൈവമായ അര്‍ബുധയുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഒരിക്കല്‍ ശിവ വാഹനമായ നന്ദിയെ രക്ഷിക്കാന്‍ നാഗ ദൈവം ഇവിടെ എത്തിചേര്‍ന്നെന്നാണ് സങ്കല്‍പം. അതില്‍ പിന്നെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീടത് അബു പര്‍വത് അഥവാ മൌണ്ട് അബുവായി മാറി.
തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധം ദൃശ്യവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണിവിടം. നക്കി തടാകം,സണ്‍ സെറ്റ് പോയിന്റ്,ട്ടോട് റോക്ക്,കൊടുമുടികളുടെ ഭംഗി ആസ്വദിക്കാന്‍ ഗുരുശിഖര്‍ തുടങ്ങി കാഴ്ചകള്‍ അനവധിയാണ്. ദില്‍വാര ജൈന ക്ഷേത്രങ്ങള്‍,ആധാര്‍ ദേവി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളുടെ നിര തീര്‍ത്ഥാടകരേയും വരവേല്‍ക്കുന്നു. വേനല്‍ക്കാലമാണ് മൌണ്ട് അബുവിലെ കാഴ്ചകള്‍ കാണാന്‍ പറ്റിയ സമയം. ഇവിടെ നിന്ന് 176 കിലോമീറ്റര്‍ അകലെയുള്ള ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇവിടേയ്ക്ക് സര്‍വീസുകളുണ്ട്.
STORY HIGHLIGHTS : Mount Abu, a major pilgrimage site for Jains, is located in Rajasthan