മുംബൈ ഭീകരാക്രമണക്കേസില്‍ സുപ്രധാന വിവരങ്ങൾ ശേഖരിച്ച് എന്‍ഐഎ. ഭീകരാക്രമണത്തിന് മുന്‍പ് തഹാവൂര്‍ റാണ ദുബായില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഐഎ തേടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനം പിന്നിടുമ്പോഴാണ് സുപ്രധാന സൂചനകള്‍ പുറത്തുവരുന്നത്. തഹാവൂര്‍ റാണ ദുബായില്‍ വച്ച് ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ പ്രവര്‍ത്തകനാണോ എന്നാണ് എന്‍ഐഎ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഇയാള്‍ക്ക് മുംബൈ ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നോ എന്നതും അന്വേഷണത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം, ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ ഒരു സാക്ഷി എന്‍ഐഎയുടെ പക്കലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ റാണയെ അറിയാമായിരുന്ന ‘നിഗൂഢ സാക്ഷി’ എന്നാണ് ഈ വ്യക്തിയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തഹാവൂര്‍ റാണ – ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരുടെ ബന്ധം തെളിയിക്കാന്‍ കഴിയുന്ന ശക്തമായ സാക്ഷി എന്നാണ് ഈ സുപ്രധാന വിവരങ്ങളെ കുറിച്ച് നല്‍കുന്ന വിവരം. കേസില്‍ നിര്‍ണായകമായ സമയത്ത് ഇയാളെ റാണയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് എന്‍ഐഎ പദ്ധതി.
2006 സെപ്റ്റംബറില്‍ ആയിരുന്നു ഹെഡ്ലി ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഈ സമയം മുതലാണ് മുംബൈ ആക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയത്. തീവ്രവാദികള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള വീഡിയോകള്‍ ചിത്രീകരിച്ചത് ഉള്‍പ്പെടെ ഈ സമയത്തായിരുന്നു. സന്ദര്‍ശന വേളയില്‍ റാണയുമായി അടുപ്പമുള്ള ഒരാള്‍ മാത്രമാണ് ഹെഡ്‌ലിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. റാണയുടെ നിര്‍ദ്ദേശപ്രകാരം ഹെഡ്‌ലിക്ക് താമസ യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കിയ ഇയാളാണ് എന്‍ഐഎയുടെ നിര്‍ണായക സാക്ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ പ്രശ്‌നങ്ങളാല്‍ കോടതി രേഖകളില്‍ പോലും വ്യക്തിത്വം വെളിപ്പെടുത്താതെയാണ് ‘നിഗൂഢ സാക്ഷി’യെ എന്‍ഐഎ കൈകാര്യം ചെയ്യുന്നത്.
STORY HIGHLIGHTS: nia-trying-to-establish-identity-of-man-tahawwur-rana-met-in-dubai