മലപ്പുറം: യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പോലീസിന്റെ ദുരൂഹനീക്കം. ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം സിദീഖ് കാപ്പന്റെ വീട്ടിൽ പരിശോധനക്ക് എത്തുമെനന്നായിരുന്നു പൊലീസിന്‍റെ അറിയിപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ടു പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്.
വൈകീട്ട് ആറ് മണിയോടെയാണ് രണ്ടു പൊലീസുകാർ വീട്ടിൽ എത്തിയത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നൽകിയില്ല.
ശേഷം കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും പൊലീസുകാർ കൃത്യമായ ഉത്തരം നൽകിയില്ലെന്ന് കാപ്പൻ പറഞ്ഞു. ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിൻ്റെ പേരിൽ യുപി പൊലീസ് കേസെടുത്ത മാധ്യമ പ്രവർത്തകനാണ് സിദ്ധീഖ് കാപ്പൻ