തിരുവനന്തപുരം: ആശാ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനിക്കാൻ സമരസമിതി ഇന്ന് യോഗം ചേരും. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയിട്ടില്ല.
തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കുമെന്ന് സമരസമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ഫെബ്രുവരി 10നാണു സമരം ആരംഭിച്ചത്. സർക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല. സെക്രട്ടറിയേറ്റ് പടിക്കലെ ആശമാരുടെ രാപ്പകൽ സമരം ഇന്ന് 63-ാം ദിവസവും നിരാഹാര സമരം ഇരുപത്തിയഞ്ചാം ദിവസവും തുടരുകയാണ്.