ഇടുക്കി: തൊടുപുഴയിലെ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീനയെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവയിൽ സീനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ബിജുവിൻ്റെ ചെരിപ്പ്, കാലുകൾ കെട്ടിയ തുണി, ഷൂ ലെയ്സ് എന്നിവ കണ്ടെത്തി.
ജോമോൻ, ആഷിക് ജോൺസൺ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് മാർച്ച് 20 നാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയത്. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പൊലീസ് കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തി. ദൃശ്യം-4 നടപ്പാക്കിയെന്ന് പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും പൊലീസ് നടത്തി.
കഴിഞ്ഞമാസമാണ് പുലർച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻ ഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.