വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. യേശുക്രിസ്തു ജറുസലേം നഗരത്തിലേക്ക് രാജകീയമായി പ്രവേശിച്ച സംഭവത്തെ അനുസ്മരിപ്പിച്ചാണ് ഓശാനപ്പെരുന്നാൾ ക്രൈസ്തവ വിശ്വാസികൾ ആചരിക്കുന്നത്.
ദേവാലയങ്ങളിൽ തിരുക്കർമങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേക പ്രാർഥനകൾ, കുരുത്തോല പ്രദക്ഷിണങ്ങൾ എന്നിവ നടത്തി വിശ്വാസികൾ ഭക്തിയോടെ ഈ ദിനത്തിൽ പങ്കുചേരുകയാണ്. ഓശാനാ ഞായറോടെയാണ് വിശുദ്ധവാരാചരണങ്ങൾക്ക് തുടക്കമാകുന്നത്. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമായി.
യേശുവിനെ യഹൂദജനങ്ങൾ ഒലിവ് ഇലകളും കുരുത്തോലകളും കൈയിൽ പിടിച്ച് രാജകീയമായി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ ഓർമ്മപ്പെടുത്തലാണ് ഓശാനാ ഞായറിലെ തിരുക്കർമങ്ങൾ. ഈ ദിനം ആത്മവിശുദ്ധിക്കും ആത്മനിരീക്ഷണത്തിനും ക്രൈസ്തവ വിശ്വാസത്തിൽ അതിമഹത്വമുള്ള അവസരമായി പരിഗണിക്കപ്പെടുന്നു.