ഡൽഹി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹരജി നൽകും. പരമാവധി മൂന്ന് മാസമാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രിംകോടതി അനുവദിച്ചത്.
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക. ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് നൽകിയത്.
ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു.