കോഴിക്കോട്: അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ലെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുത്. വിമർശിക്കാതിരുന്നാൽ ഭരണകർത്താക്കൾ കാര്യങ്ങൾ അറിയില്ലെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിന് നേതൃത്വം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
“എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. അതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല. അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും. അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കാണ്,” വിമർശനത്തിന് ആരും അതീതരല്ലെന്നും ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
കേരളത്തിൽ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാതി – മത ഭേദമന്യേ എല്ലാവരെയും ചേർത്തു പിടിക്കണമെന്നും കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.