India

മുംബൈ ഭീകരാക്രമണം; വിശദപദ്ധതി തയ്യാറാക്കിയത് ദുബായിൽവെച്ചെന്ന് എൻഐഎ

ദുബായില്‍ വെച്ചാണ് മുംബൈ ഭീകരാക്രമണത്തിന്റെ വിശദമായ പദ്ധതി തയ്യാറാക്കിയതെന്ന് എന്‍ഐഎ. തഹാവൂര്‍ റാണയും ഐഎസ്‌ഐ ഏജന്റും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിന് മുന്നോടിയായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും റാണയും ഇന്ത്യയിലേക്കും മറ്റുചില വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. റാണയെ ചോദ്യം ചെയ്തപ്പോഴും ദുബായില്‍ വെച്ചാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്തിമപദ്ധതി തയ്യാറാക്കിയത് എന്ന വിവരമാണ് ലഭിച്ചത്.

ഐഎസ്‌ഐ ഏജന്റുമായി റാണ നടത്തിയ കൂടിക്കാഴ്ചയാണ് ഭീകരാക്രമണ പദ്ധതിയിലേക്ക് നയിച്ചത്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ എന്‍ഐഎ ഇതുവരെയും ഈ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.