വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ പഴം നിറച്ചത് ആയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം- 3 എണ്ണം
- തേങ്ങ- ചിരവിയെടുത്തത് ആവശ്യത്തിന്
- നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
- ഉണക്കമുന്തിരി – 10 ഗ്രാം
- ഏലക്കായ്- 3 എണ്ണം
തയാറാക്കുന്ന വിധം
അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് പഴം നിറച്ചതിന് നല്ലത്. പഴത്തിനുള്ളില്‍ നിറയ്ക്കാനുള്ള തേങ്ങ കൂട്ട് ആദ്യം തയാറാക്കാം. പാത്രത്തില്‍ അല്‍പം നെയ്യ് ഒഴിച്ചു ചൂടായ ശേഷം തേങ്ങ ചേര്‍ത്തു കൊടുക്കാം. ചൂടാവാന്‍ തുടങ്ങുമ്പോള്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ത്തു കൊടുക്കാം. പഞ്ചസാര ചേര്‍ത്ത ഉടനെ ഉണക്കമുന്തിരിയും ഏലക്കായും ചേര്‍ത്ത് വാങ്ങി വയ്ക്കാം.
തേങ്ങയുടെ നിറം മാറേണ്ട ആവശ്യമില്ല. അതിനു ശേഷം നേന്ത്രപ്പഴം നെടുകെ കീറി തേങ്ങ നിറച്ചു കൊടുക്കാം. തേങ്ങ നിറച്ച ശേഷം പുറത്തു പോകാതിരിക്കാന്‍ അരിപ്പൊടി മാവ് കൊണ്ട് കീറിയ സ്ഥലം അടയ്ക്കുക. മറ്റ് പലഹാരങ്ങള്‍ പൊലെ എണ്ണയില്‍ മുക്കിപ്പൊരിക്കാതെ അല്‍പം നെയ്യില്‍ പഴം പൊരിച്ചെടുക്കുക. അരിമാവ് വെന്തുവരുന്നതാണ് കണക്ക്. പുറം പൊരിഞ്ഞ് വന്നാല്‍ പാത്രത്തില്‍ നിന്നു മാറ്റാം. ബാക്കിയുള്ളവ മുകളില്‍ വിതറി ചൂടോടെ ഉപയോഗിക്കാം.