Kerala

ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നതാണ് സുപ്രീം കോടതി വിധി, ഹിന്ദുത്വവത്കരണത്തിന് ഏറ്റ തിരിച്ചടി: എം വി ഗോവിന്ദന്‍

ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എം വി ഗോവിന്ദന്‍. നിയമ സംഹിതയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറോ പ്രസിഡന്റോ ഒപ്പിടാതെ സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും അത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നതാണ് സുപ്രീം കോടതി വിധിയെന്നും ഹിന്ദുത്വവത്കരണത്തിന് ഏറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവര്‍ണര്‍ ആയാലും പ്രസിഡന്റ് ആയാലും പ്രവര്‍ത്തനം ഭരണഘടനാപരമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോര്‍പ്പറേറ്റ് ഹിന്ദുത്വവത്കരണ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാധുതയുണ്ട് എന്ന് തന്നെയാണ് സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ രാജ്യം മനസിലാക്കിയിട്ടുള്ളത്. അതിനെതിരായ ചില പ്രതികരണങ്ങള്‍ കേരളത്തിലെ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉള്‍പ്പടെയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മന്ത്രി പി എ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു. ഇ.പി ജയരാജനും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു. ഇന്നലെ മുഖ്യമന്ത്രിയും അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.

Latest News