അടിപൊളി സ്വാദിൽ ഒരു വെജ് പുലാവ് ഉണ്ടാക്കിയാലോ? ഇത് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ബസ്മതി അരി – 1 കപ്പ് (250ml)
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
- ബേ ലീഫ് – 1
- കറുവപ്പട്ട – 1
- ഏലക്ക – 2
- ഗ്രാമ്പൂ – 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
- സവാള – ഒരു മീഡിയം സവാളയുടെ പകുതി
- മുളക് – 1
- കാരറ്റ് – 1/4 കപ്പ്
- ബീന്‍സ് – 1/4 കപ്പ്
- വെള്ളം – 1 1/2 കപ്പ്
- ഉപ്പ് – 1 ആവശ്യത്തിന്
- നാരങ്ങനീര് – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബസ്മതി അരി ആദ്യമേ നല്ലപോലെ കഴുകി വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. കുക്കര്‍ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ അതിലേക്ക് ബേ ലീഫ്, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. ഒരു നല്ല മണം വന്നുതുങ്ങുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒരു അര മിനിറ്റ് വഴറ്റുക.
ഇതിലേക്ക് സവാളയും മുളകും ചേര്‍ത്ത് സവാള ഒന്ന് വാടി വരുന്ന വരെ പിന്നെയും വഴറ്റുക. അതുകഴിഞ്ഞ് കാരറ്റും ബീന്‍സും ഇട്ട് ഒരു മിനിറ്റ് കൂടെ മിക്‌സ് ചെയ്യുക. ഇതിലേക്ക് കുതിര്‍ത്ത് വെച്ച അരി ഇട്ട് ഉടയാതെ 1 മിനിറ്റ് ഇളക്കി കൊടുക്കുക. പിന്നെ വെള്ളം, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി കുക്കര്‍ അടച്ച് വെച്ച് ഹൈ ഫ്‌ലെമില്‍ ഒരൊറ്റ വിസില്‍.15 മിനിറ്റ് കഴിഞ്ഞ് തുറന്ന് നോക്കിയാല്‍ സംഭവം റെഡി.