സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. 2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. തുടർന്ന് നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
മാനസികമായി തകർന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.