Food

വിഷുവല്ലേ? പായസം പഴ പ്രഥമന്‍ ആയാലോ?

വിഷുവിന് എന്ത് പായസം ഉണ്ടാക്കും എന്ന ചിന്തയിൽ ആണോ? വളരെ സ്വാദിഷ്ടമായ ഒരു പായസമാണ് പഴ പ്രഥമന്‍. ഇത്തവണ വിഷുവിന് പഴ പ്രഥമൻ ആവട്ടെ.

ആവശ്യമായ ചേരുവകള്‍

  • നല്ല പഴുത്ത നേന്ത്രപഴം – 1 കിലോ
  • തേങ്ങ – 2 എണ്ണം
  • ഏലക്കായ് – 50 ഗ്രാം
  • അണ്ടിപരിപ്പ് – 50 ഗ്രാം
  • ഉണക്ക മുന്തിരി – 50 ഗ്രാം
  • നെയ്യ് – 50 ഗ്രാം
  • ശര്‍ക്കര – 1 കിലോ
  • ചെറിയ കഷണങ്ങളാക്കിയ ഉണക്ക തേങ്ങ – ¼ കപ്പ്

തയ്യാറാക്കുന്ന വിധം

പ്രഷര്‍ കുക്കറില്‍ പഴുത്ത പഴം നല്ലതുപോലെ വേവിച്ചെടുക്കുക. അകത്തുളള കറുത്ത നാര് കളഞ്ഞ് മിക്സിയില്‍ ഇട്ട് നല്ലതുപോലെ അരച്ച് എടുക്കുക. ചിരകിയ തേങ്ങയില്‍ നിന്നും 1 കപ്പ് ഒന്നാം പാല്‍, 3 കപ്പ് രണ്ടാം പാല്‍, 4 കപ്പ് മൂന്നാം പാല്‍ എടുക്കുക. അടുപ്പത്ത് കുറച്ചു വെള്ളം വച്ച് തിളപ്പിച്ച് ശര്‍ക്കര ഉരുക്കി എടുക്കുക.

തണുത്തശേഷം അരിപ്പില്‍ കൂടി അരിച്ച് അഴുക്ക് മാറ്റിയെടുക്കണം. ഒരു ഉരുളി അടുപ്പത്തുവച്ച് ചൂടാക്കി. അരച്ച ഏത്തപഴവും ശര്‍ക്കരപാനിയും ചേര്‍ക്കുക. ഇളക്കി ഇളക്കി വേവിയ്ക്കുക. ഇടയ്ക്കിടെ നെയ്യ് ഒഴിച്ചുകൊടുക്കണം. വെള്ളത്തിന്റെ അംശം മാറിവരുമ്പോല്‍ ആദ്യം മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിക്കുക.

കുറച്ചുകഴിഞ്ഞ് രണ്ടാം പാല്‍ ഒഴിയ്ക്കുക. അവസാനം ഒന്നാം പാലും ഏലയ്ക്കാപൊടിയും നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, ഉണക്കമുന്തിരി, തേങ്ങാ കഷണങ്ങള്‍ ചേര്‍ക്കുക. ഒന്നാം പാല്‍ ഒഴിച്ചശേഷം പായസം തിളയ്ക്കാന്‍ പാടില്ല. തീ കുറച്ച് ചെറുതായി ചൂടാക്കിയാല്‍ മതിയാകും. വളരെ സ്വാദിഷ്ടമായ പഴപ്രഥമന്‍ തയ്യാര്‍.