മുതലപൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് തുറമുഖത്ത് മത്സ്യബന്ധനം പൂർണമായി സ്തംഭിച്ചു. മണല്‍ അടിഞ്ഞുകൂടിയത്തോടെ കടലിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. സമീപത്തുള്ള മരിയനാട് അഞ്ചുതെങ്ങ് തീരങ്ങളിലേക്ക് പലായനം നടത്തുകയാണ് മത്സ്യത്തൊഴിലാളികൾ. ഡ്രഡ്ജിങ്ങ് തുടങ്ങിയിട്ടും മണൽ നീക്കം എങ്ങും എത്താത്തതാണ് ദുരിതത്തിന് കാരണം. നിലവിൽ നടക്കുന്ന ഡ്രഡ്ജിങ്ങ് പ്രായോഗികമല്ലെന്ന ആക്ഷേപവും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്.
അഞ്ചുതെങ്ങ്, മരിയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയാണ് മീൻപിടിത്തം. പൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യാനുള്ള ജോലികൾ നടക്കുന്നുണ്ട്. മഴക്കാലത്തിനു മുൻപ് മണൽ പൂർണമായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെറിയ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കൊണ്ട് കാര്യമില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി സമീപവാസികൾ രംഗത്ത് വന്നിരുന്നു. എത്രയും വേഗം മണൽ പൂർണമായി നീക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് പോകാനുള്ള ആലോചന മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉണ്ട്.
11 വർഷത്തിനിടെ ആദ്യമായിട്ടാണ് മണൽമൂടി പൊഴിമുഖം പൂർണമായി അടഞ്ഞത്. മണൽ അടിഞ്ഞതോടെ ഒരുതരത്തിലും കടലിലേക്ക് പോകാനും വരാനും കഴിയാത്ത അവസ്ഥയായി. മണലിൽ ഇടിച്ച് ചെറുവള്ളങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുതലപ്പൊഴി തീരം വിട്ട് മത്സ്യത്തൊഴിലാളികൾ സമീപ തീരത്തെ ആശ്രയിച്ചത്.