ലേസർ അധിഷ്ഠിത ആയുധ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ. മിസൈലുകൾ, ഡ്രോണുകൾ, ചെറിയ പ്രൊജക്‌ടൈലുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഉയർന്ന പവർ ലേസർ-ഡ്യൂ സാങ്കേതികവിദ്യയാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 30 കിലോവാട്ട് എംകെ-II(എ) ലേസർ-ഡയറക്‌ടഡ് എനർജി വെപ്പൺ (ഡിഇഡബ്ല്യു) സിസ്റ്റം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്. ഏറ്റവും ശക്തമായ കൗണ്ടർ ഡ്രോൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചതെന്നാണ് ഡിആർഡിഒയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജാമിങ് കമ്മ്യൂണിക്കേഷൻ, സാറ്റ് ലൈറ്റ് സിഗ്നലുകൾ എന്നിവയുൾപ്പെടെ വിപുലമായ ഇലക്ട്രോണിക് യുദ്ധ ശേഷിയുള്ള ആയുധമാണ് ഡിആർഡിഒ പരീക്ഷിച്ചത്. കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഈ ആയുധത്തിനുണ്ട്. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയുമെന്നാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. എൽആർഡിഇ, ഐആർഡിഇ, ഡിഎൽആർഎൽ, അക്കാദമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായ സംരഭങ്ങൾ എന്നിവയുമായി സഹകരിച്ച് ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) ആണ് Mk-II(A) DEW സിസ്റ്റം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
ലേസർ-ഡ്യൂ സിസ്റ്റങ്ങൾ റഡാർ അല്ലെങ്കിൽ അവയുടെ ഇൻബിൽറ്റ് ഇലക്ട്രോ ഒപ്റ്റിക് (EO) സിസ്റ്റം ഉപയോഗിച്ച് ലക്ഷ്യങ്ങൾ കണ്ടെത്തുകയും പ്രകാശവേഗത്തിൽ പ്രതികരിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 20 കിലോമീറ്റർ ദൂരപരിധിയിലുള്ള എതിരാളികളുടെ ആയുധങ്ങളെ തകർക്കുന്ന ‘സൂര്യ’ എന്ന പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസർ അധിഷ്ഠിത ആയുധ സംവിധാനമാണിത്.
STORY HIGHLIGHTS : DRDO tests laser-based weapon system, destroys drones in seconds