കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37), എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽനിന്നു വിൽപനയ്ക്കായി കൊണ്ടു വന്ന 20 കിലോയോളം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മലാപ്പറമ്പ് ജംക്‌ഷനിൽ വച്ച് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതോടെയാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ വർഷം രാമാനാട്ടുകരയിൽ വച്ച് 9 കിലോ കഞ്ചാവ് പിടികൂടിയതിന് ശ്രീജിത്തിനെതിരെ ഫറോക്ക് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീജിത്ത് വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു.
ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാൾ, ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവരും. തുടർന്ന് കാസർകോട് ഭാഗത്ത് സ്റ്റോക്ക് ചെയ്ത ശേഷം പല സ്ഥലങ്ങളിലേക്കു വാഹനത്തിൽ എത്തിച്ചു കൊടുക്കുന്നതാണ് രീതി. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായാണ് നഗരത്തിലേക്ക് എട്ട് ലക്ഷത്തോളം രൂപയുടെ കഞ്ചാവ് ഇവർ എത്തിച്ചത്.