കണിക്കൊന്ന പൂക്കളുടെ സമൃദ്ധിയിൽ വീണ്ടുമൊരു വിഷുക്കാലം. കാർഷിക സമൃദ്ധിയുടെ ആഘോഷത്തിന്റെയും ഓർമകൾ പുതുക്കി വീണ്ടുമൊരു വിഷുക്കാലം കൂടി വന്നു. ആഘോഷ നിറവിൽ നാടും നഗരവും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്.
കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ, നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നു. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളാണ് നൽകിയിരുന്നത്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് വിഷു സദ്യക്ക് മുൻപായി നിലം ഉഴുതുമറിച്ച് ചാലിടീൽ നടത്തുന്നു. സദ്യ കഴിഞ്ഞ് കൈക്കോട്ട് കഴുകി കുറി വരച്ച് വീടിൻറെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കൊത്തിക്കിളച്ച് കുഴിയെടുത്ത് നവധാന്യങ്ങൾ വിതക്കുന്നു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ