തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരവേദിയിൽ ഇന്നു വിഷു ആഘോഷിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സമരപ്പന്തലിൽ ആശാമാർ വിഷുക്കണി ഒരുക്കി. തങ്ങളുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകുന്നതിനു ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു കണി ഒരുക്കുന്നതെന്ന് ആശമാർ പറഞ്ഞു. രാപ്പകൽ സമരം 64 ആം ദിവസത്തിലേക്കും അനിശ്ചിതകാല നിരാഹാരം 26 ആം ദിവസത്തിലേക്കും കടക്കുമ്പോഴാണ് വിഷുവെത്തുന്നത്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ കൂട്ടാക്കാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കണമെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് നേരിട്ടും തപാലായും സമരപന്തലിലേക്ക് വിഷുക്കൈനീട്ടം ലഭിച്ചു തുടങ്ങി. മുൻപ് പൊങ്കാലയും ഇഫ്താറും അടക്കമുള്ള ആഘോഷങ്ങൾ സമരപ്പന്തലിൽ സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടും വരെ സമരം തുടരാനാണ് ആശമാരുടെ തീരുമാനം. സമരത്തെ തുടർന്ന് ഓണറേറിയം വർദ്ധിപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരെ വരുന്ന 21ന് സമരപ്പന്തലിൽ ആദരിക്കാനുള്ള തീരുമാനവും സമരസമിതി കൈക്കൊണ്ടിട്ടുണ്ട്.