വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണം ആരംഭിച്ച എൽസ്റ്റൺ എസ്റ്റേറ്റിൽ തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. തൊഴിലാളികൾക്ക് അർഹമായ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാത്തതിലാണ് സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധം.
ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ടൗൺഷിപ്പ് നടപ്പിലാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സർക്കാർ സംരക്ഷണം നൽകുക, ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കുടിയിറക്കപ്പെടുന്ന തൊഴിലാളികൾക്ക് അഭയമൊരുക്കുക എന്നിങ്ങനെയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.
സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കുന്ന മുറക്ക് തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്ന് ആയിരുന്നു മാനേജ്മെൻറ് നേരത്തെ അറിയിച്ചിരുന്നത്.11 കോടി രൂപക്ക് മുകളിൽ മാനേജ്മെന്റ് തൊഴിലാളികൾക്ക് നൽകാനുണ്ട്.
ഭൂമി ഏറ്റെടുക്കാന്‍ സർക്കാരിന് തടസമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ രാത്രിയോടെ തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എസ്റ്റേറ്റിൽ എത്തി നോട്ടീസ് പതിച്ച് ഭൂമി ഏറ്റെടുത്തു. രാവിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു.