ഗസ്സ സിറ്റി: അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം. ഐ.സി.യു, സർജറി, ഫാർമസി, ലബോറട്ടറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആക്രമണത്തിൽ തകർന്നു.
ഇരുപത് മിനിറ്റ് മുമ്പ് മാത്രം മുന്നറിയിപ്പ് നൽകിയാണ് ആക്രമണം. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനം. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അൽ ഷിഫ ആശുപത്രി തകർത്തശേഷം ഗസ്സ സിറ്റിയിൽ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അൽ അഹ്‍ലി. ഹമാസ് പോരാളികളുടെ കേന്ദ്രം എന്നാരോപിച്ച് നേരത്തെയും അൽ അഹ്ലി ഉൾപ്പെടെ വിവിധ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
ആശുപത്രി നടത്തിപ്പുകാരായ ജറുസലം രൂപത ആക്രമണത്തെ അപലപിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഫലസ്തീനിലെ റഫ നഗരം പൂർണമായും വളഞ്ഞ ഇസ്രായേൽ ആയിരങ്ങളെയാണ് പ്രദേശത്തു നിന്ന് പുറന്തള്ളുന്നത്. സൈനിക സമ്മർദത്തിലൂടെ ബന്ദികളെ വിട്ടയക്കാൻ ഹമാസിനെ നിർബന്ധിക്കുകയാണ് തങ്ങളെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നലെ മത്രം 37 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമർശിച്ചു. ഇസ്രായേലിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഒന്നാണ് ഫലസ്തീൻ രാഷ്ട്രമെന്ന ആശയമെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ യെമനിലെ ഹൂതികൾ അയച്ച മിസൈലുകൾ ഇസ്രായേലിൽ ഉടനീളം ഭീതി പടർത്തി. അസ്കലോൺ, അഷ്ദോദ്, തെൽ അവീവ് നഗരങ്ങളിൽ നീണ്ടനേരം അപായസൈറണുകൾ മുഴങ്ങി.
യു.എസ് കൈമാറിയ ‘താഡ്’ ഉപയോഗിച്ച് മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ പറഞ്ഞു. ബെൻഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകൾ നിർത്തിവെച്ചു. അതേസമയം, ഗസ്സ യുദ്ധം നിർത്തണം എന്നാവശ്യപ്പെട്ട് മൊസാദ് മുൻ ജീവനക്കാരായ 250 പേർ സംയുക്ത പ്രസ്താവന പുറത്തിറക്കിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.