ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിനു ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയേക്കും. രാഷ്‌ട്രപതിയുടെ വാദം കേട്ടില്ലെന്നും ഭരണഘടനാ ബെഞ്ച് രൂപീകരിച്ചാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നുമാണ് കേന്ദ്രനിലപാട്. സുപ്രീംകോടതി വിധിയിലൂടെ പാസാക്കപ്പെട്ടത് ഇങ്ങനെ ‘കാലഹരണപ്പെട്ട’ ബില്ലുകളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണമാർ അയച്ചുകൊടുത്താൽ 3 മാസത്തിനകം രാഷ്ട്രപതി നടപടിയെടുത്തിരിക്കണമെന്നു സുപ്രീം കോടതി വിധിയിൽ പറയുന്നു. തീരുമാനമെടുക്കാനായില്ലെങ്കിൽ രാഷ്ട്രപതി ബന്ധപ്പെട്ട സംസ്ഥാനത്തെ കാരണം അറിയിക്കണമെന്നാണ് ജസ്റ്റിസ് ജെ.ബി.പർധിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് തമിഴ്നാട് സർക്കാരിന്റെ ഹർജിയിൽ വിധിച്ചത്.
തിരിച്ചയച്ച ബിൽ മാറ്റങ്ങളില്ലാതെ നിയമസഭ വീണ്ടും പാസാക്കി ഗവർണറുടെ മുന്നിലെത്തിയാൽ ഒരു മാസത്തിനകം അംഗീകരിക്കണമെന്നതുൾപ്പടെ ഗവർണർമാർക്കും കൃത്യമായ സമയപരിധി ഇതേ വിധിയിൽ കോടതി നിർദേശിച്ചിരുന്നു.കേന്ദ്രസർക്കാരിന്റെ വാദഗതികൾ കേസിൽ കൃത്യമായി പ്രതിഫലിച്ചിട്ടില്ലെന്ന അവലോകനത്തിന്റെ പശ്ചാത്തലത്തിലാണു പുനഃപരിശോധനാ ഹർജി.