വിഷുവല്ലേ, വിഷുക്കട്ട തയ്യാറാക്കിയാലോ? രുചികരമായി വിഷുക്കട്ട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉണക്കലരി – ഒരു കപ്പ്
- തേങ്ങ – 2
- നല്ല ജീരകം ചതച്ചത് – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ശർക്കര ചീകിയത് – അര കപ്പ്
- വെള്ളം – കാൽ കപ്പ്
- ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ഉണക്കലരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. തേങ്ങ ചിരകിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിൽ നിന്നും രണ്ട് കപ്പ് കട്ടി തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക. ബാക്കിയുള്ള തേങ്ങാക്കൊത്തിലേക്ക് വീണ്ടും വെള്ളം ചേർത്തു അരച്ച് രണ്ടാം പാലും മൂന്നാം പാലും പിഴിഞ്ഞെടുക്കുക. മൊത്തത്തിൽ നാല് കപ്പ് പാല് ഉണ്ടായിരിക്കണം.
ഒരു പ്രഷർ കുക്കറിൽ കുതിർത്ത അരിയും 4 കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാലും ചേർത്ത് യോജിപ്പിക്കുക. കുക്കർ അടച്ച് നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടശേഷം ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കുക. ചൂട് കുറഞ്ഞ ശേഷം കുക്കർ തുറന്നു കട്ടി തേങ്ങാപ്പാലും ജീരകം ചതച്ചതും ഉപ്പും ചേർക്കുക.
ചെറിയ തീയിൽ കട്ടിയാവുന്നത് വരെ നന്നായി ഇളക്കി എടുക്കുക. വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ്മയം പുരട്ടിയ പാത്രത്തിൽ നിരത്തുക. ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. ശർക്കര കാൽ കപ്പ് വെള്ളവും ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. ഈ ശർക്കരപ്പാനി ചേർത്ത് വേണം വിഷുക്കട്ട കഴിക്കാൻ.