India

134-ാം ജന്മദിനത്തില്‍ അംബേദ്‍കര്‍ സ്‍മരണയില്‍ രാജ്യം

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കർ ജനിച്ച ദിനമാണിന്. അംബേദ്കറുടെ 134-ാം ജന്മവാർഷികമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നട്ടെല്ലായ ഭരണഘടനക്ക് ജീവന്‍ നല്‍കിയ ബിആര്‍ അംബേദ്‌കറുടെ സ്‌മരണയിലാണ് രാജ്യം. ഏപ്രിൽ 14നാണ് രാജ്യം അംബേദ്‌കര്‍ ജയന്തി ആചരിക്കുന്നത്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകനാണ് ഡോക്‌ടര്‍ ഭീംറാവു രാംജി അംബേദ്‌കര്‍.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ ഈ ദിനം പ്രത്യേകം ആചരിക്കുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച് അംബേദ്‌കര്‍ സ്വപ്‌നം കണ്ട സമത്വ സുന്ദര ഇന്ത്യയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

അംബേദ്‌കര്‍ തന്‍റെ ജീവിതകാലം മുഴുവൻ സമത്വത്തിനാണ് വേണ്ടിയാണ് പോരാടിയത്. അതിനാൽ അദ്ദേഹത്തിന്‍റെ ജന്മദിനം ഇന്ത്യയിൽ ‘സമത്വ ദിനം’ ആയും ആഘോഷിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുള്ള ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സ്ഥാപിക്കാൻ അദ്ദേഹം രൂപം നല്‍കിയ ഭരണഘടനയ്‌ക്ക് സാധിച്ചു.

സാമൂഹിക പരിഷ്കർത്താവ്, നിയമ, വിദ്യാഭ്യാസ–സാമ്പത്തിക വിദഗ്ധൻ തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയ നേതാവാണ് അംബേദ്കര്‍. ഇന്ത്യയിലെ ജാതിവിവേചനത്തിനെതിരെ മുഴങ്ങിയ ഏറ്റവും ദൃഢമായ ശബ്ദവും അംബേദ്കറിന്‍റേതാണ്. ‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു’ – ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഇത്രയും മഹത്തായ നിര്‍വചനം നല്‍കിയതിന് ഡോ. ബി ആര്‍ അംബേദ്കർ എന്ന ധിക്ഷണാശാലിയുടെ സൂക്ഷ്മതയോട് രാജ്യം കടപ്പെട്ടിരിക്കുന്നു.

1947 ഓഗസ്റ്റ് 29നാണ് ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിച്ചത്. അധികാരങ്ങള്‍ നിയതമായി പങ്കുവെക്കുന്ന സര്‍ക്കാരും കോടതിയും, വ്യക്തമായ അതിര്‍വരമ്പുകള്‍ക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന കേന്ദ്രവും സംസ്ഥാനങ്ങളും. അയിത്തത്തില്‍ അമര്‍ന്നുപോയ ജനതയുടെ ഉയിര്‍ത്തെഴുന്നേപ്പിന് കരുതലിന്‍റെ സ്പര്‍ശമുള്ള വ്യക്തിയുടെ മഹത്വം ഇത്രമേല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് സമാനതകളില്ല.

മഹാരാഷ്ട്രയിലെ അംബവാഡിയിൽ മഹർ എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കർ ജനിച്ചത്. അച്ഛൻ റാംജിസക്പാൽ, അമ്മ ഭീമാഭായി. ദലിതനായതിനാല്‍ ഇന്ത്യൻ ജാതി വിവേചനത്തിന്റെ ദുരിതങ്ങളെല്ലാം ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അംബേദ്കറിന്റേത്. സവർണജാതിയിൽപ്പെട്ട കുട്ടികൾ ബെഞ്ചിലിരുന്നു പഠിച്ചപ്പോൾ നിലത്തു ചാക്ക് വിരിച്ചാണ് അംബേദ്കര്‍ പഠിച്ചത്. മേൽജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കാൻ അനുവാദമില്ലായിരുന്നു.

പൊതുകിണറുകളോ കുളങ്ങളോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നിട്ടും ഉന്നത ബിരുദങ്ങൾ നേടിയിട്ടും മാറ്റിനിർത്തൽ തുടർന്നു. ഉന്നത വിദ്യാഭ്യാസം കൊണ്ട് ജാതിയെ നിർമൂലനം ചെയ്യാനാകില്ലെന്ന് തിരിച്ചറിഞ്ഞ അംബേദ്കര്‍ ദലിതരെ സംഘടിപ്പിച്ച് സാമൂഹ്യമാറ്റത്തിനായി പോരാട്ടം നയിച്ചു. അധികം വൈകാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശബ്ദമായി.

1956 ഡിസംബര്‍ ആറിനാണ് അംബേദ്‌കര്‍ അന്തരിച്ചത്. ജാതീയ വ്യവസ്ഥയ്‌ക്കെതിരെ ജീവിതകാലം മുഴുവൻ പോരാടിയ അംബേദ്‌കറുടെ ആശയങ്ങൾക്കും ഓർമകൾക്കും ജാതീയമായ ഉച്ചനീതത്വങ്ങൾ ഇപ്പോഴും ശേഷിക്കുന്ന ഇന്ത്യയില്‍ ഇന്നും വലിയ പ്രധാന്യമുണ്ട്.