സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് സിറ്റിംഗ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഇനി എപ്പോഴാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമല്ല. നേരത്തെ പത്ത് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു.
ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുൻപ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റെെറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളയാൻ ഇടയാക്കുന്നത്.
റിയാദിലെ ജയിലിൽ 19 വർഷമായി റഹീം തടവിലാണ്. 19 വർഷം തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധിക കാലം ജയിലിൽ തുടരേണ്ടിവരില്ല.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.