ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി എത്തിയത്. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബോംബുവെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദേശം അയച്ച ‘അജ്ഞാത വ്യക്തിക്കെതിരെ’ വൊർളി പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അജ്ഞാതനെ തേടി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുടുങ്ങിയതോടെ നിരവധി ഭീഷണികളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ട് പേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ നാല് റൗണ്ട് വെടിയുതിർത്തിരുന്നു. താരത്തെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഒടുവിലെ ആക്രമണവും ഇതായിരുന്നു.