Health

വൃക്കകളെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കണോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു.. | Kidney

ഉളളിയില്‍ ഫ്‌ളേവനോയിഡുകളും സള്‍ഫര്‍ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്

ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ വൃക്കകള്‍ പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളാല്‍ സമ്പന്നമായ 10 സൂപ്പര്‍ ഫുഡുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യത്തോടെ വൃക്കകളെ നിലനിര്‍ത്താന്‍ സാധിക്കും.

മഞ്ഞള്‍
മഞ്ഞളിലെ കുര്‍ക്കുമിന് ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് വൃക്കയിലെ വീക്കം, ഫൈബ്രോസിസ് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല സ്വാഭാവികമായി വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്നു.

നെല്ലിക്ക
വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ നെല്ലിക്ക വൃക്കകളിലെ വിഷാംശം നീക്കം ചെയ്യാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കകളുടെ കേടുപാടുകള്‍ തടയുന്നതിനും മൊത്തത്തിലുളള ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

കോളിഫ്‌ളവര്‍
കോളിഫ്‌ളവറില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിഷ വസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ വൃക്കകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അന്നജം അടങ്ങിയ പച്ചക്കറി കൂടിയാണ് കോളിഫ്‌ളവര്‍.

വെളുത്തുള്ളി
വെളുത്തുളളി നീര്‍വീക്കം തടയാനും അണുബാധ തടയാനും വളരെ ഗുണപ്രദമാണ്. വൃക്കകളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിഷമുക്തമാക്കുന്നതിനും സഹായിക്കുന്ന മാംഗനീസ്, വിറ്റാമിന്‍ ബി6 , സള്‍ഫര്‍ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നവുമാണ്.

ചുവന്ന ക്യാപ്‌സിക്കം
ചുവന്ന ക്യാപ്‌സിക്കത്തില്‍ വിറ്റാമിന്‍ എ, സി, ബി6, ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മൊത്തത്തിലുള്ള വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഇവയിലുണ്ട്.

കാബേജ്
ഫൈറ്റോകെമിക്കലുകളാല്‍ സമ്പുഷ്ടമായ കാബേജ് വൃക്കകളുടെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് പൊട്ടാസ്യം രഹിതവുമാണ്. ഇതില്‍ നാരുകള്‍, വിറ്റാമിന്‍ കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ വൃക്കകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഇത് അത്യുത്തമമാണ്.

ആപ്പിള്‍
ആപ്പിള്‍ നാരുകളും ആന്റി ഓക്‌സിഡന്റുകളും നല്‍കുന്നു. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും നിയന്ത്രണത്തിനും സഹായിക്കുന്നു. ആപ്പിളില്‍ പൊട്ടാസ്യം കുറവാണ്.

ഉള്ളി
ഉളളിയില്‍ ഫ്‌ളേവനോയിഡുകളും സള്‍ഫര്‍ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വിഷ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അവയില്‍ പൊട്ടാസ്യം കുറവാണ്. ഇത് ഹൃദ്‌രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഒപ്പം വൃക്കകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.

ഒലിവ് ഓയില്‍
ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളും നിറഞ്ഞ ഒലീവ് ഓയില്‍ വൃക്കകളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നു. പാചകം ചെയ്യാന്‍ ഗുണകരവും ആരോഗ്യകരവുമായ എണ്ണയും കൂടിയാണിത്.

കൊഴുപ്പുളള മത്സ്യങ്ങള്‍
സാല്‍മണ്‍, അയല എന്നിവയിലൊക്കെ ഉയര്‍ന്ന അളവില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ വൃക്കകളുടെ ആയാസം ഒഴിവാക്കുകയും അവയുടെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

content highlight: Kidney