കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഗവ. പ്ലീഡർ പി.ജി. മനുവിനെ കഴിഞ്ഞ ദിവസം വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അതിജീവിത. ഹൈകോടതിയിൽ സീനിയർ സർക്കാർ പ്ലീഡർ ആയിരുന്ന മനുവിനെ മറ്റൊരു കേസിൽ നിയമസഹായം തേടി മാതാപിതാക്കളോടൊപ്പം കാണാൻ എത്തിയപ്പോഴായിരുന്നു ക്രൂരമായ പീഡനം.
പീഡനത്തിന് ഇരയായ കേസിൽ നിയമസഹായം തേടിടെത്തിയപ്പോഴായിരുന്നു മനു അതിജീവിതയോട് അതിക്രമം നടത്തിയത്. 2018ലാണ് സംഭവം. 2024 ഒക്ടോബർ 8ന് മനുവിനെ കാണാൻ മാതാപിതാക്കളാണ് ആദ്യം പോകുന്നത്. തുടർന്ന് കേസിന്റെ വിവരങ്ങളുമായി മകള കൂട്ടയെത്താൻ പ്ലീഡർ നിർദ്ദേശിച്ചു. തുടർന്ന് അടുത്ത ദിവസം നേരിട്ടെത്തി. അപ്പോഴാണ് ദാരുണമായ അതിക്രമം നടന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. കേസിന്റെ കാര്യങ്ങള്‍ സംസാരിച്ച ശേഷം യുവതിയോട് വിശദമായി ചോദിച്ചറിയാൻ എന്ന പേരിൽ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. വാതില്‍ അടച്ചിട്ട ശേഷം പ്രതി തന്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് അതിജീവിത പറയുന്നത്.
അയാളുടെ ഈ ശ്രമത്തെ സകല ശക്തിയുമെടുത്ത് എതിർക്കാൻ ശ്രമിച്ചപ്പോൾ താൻ ഗവ. പ്ലീഡർ എന്ന വലിയ പദവിയിൽ ആണെന്നും തന്റെ ആവശ്യങ്ങളോട് സഹകരിച്ചില്ലെങ്കിൽ തന്ത ജയിലിനകത്തുകിടക്കുമെന്നും ഭീഷണിപ്പെടുത്തി. ഒപ്പം ഞാൻ നാളെ ജഡ്ജിയാകുമെന്നും, വാദിയെ പ്രതിയാക്കാനും പ്രതിയെ വാദിയാക്കാനും എനിക്കാകുമെന്ന വെല്ലുവിളിയും. പറയുന്നത് പോലെ സഹകരിച്ചില്ലെങ്കിൽ തന്ത അകത്തുപോകും. സൂര്യനെല്ലി കേസ് പോലെ മറ്റൊരു കേസായി ഇത് മാറുമെന്ന് നിഷ്ഠൂരമയാൾ പറഞ്ഞെന്നും അതിജീവിത പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 11നും മനു യുവതിയെ വിളിച്ചുവരുത്തി പീഡനശ്രമം നടത്തി. മുഖത്തും സ്വകാര്യഭാഗങ്ങളിലും കടിച്ചതിന്റെ പാട് ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. തുടർന്ന് നഗ്നദൃശ്യം പകര്‍ത്തുകയും മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയം സ്വന്തം വീട്ടിൽ എത്തി പലവട്ടം ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
വാട്സാപ് കോളും ചാറ്റുംവഴി അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല ദൃശ്യങ്ങൾ അയച്ച് അതുപോലെ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ കിടക്കുമ്പോൾ വരെ ലൈംഗികമായി സഹകരിക്കണമെന്ന് വാട്സാപ് വഴി ആവശ്യപ്പെട്ടു. അല്ലങ്കിൽ കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയെന്നും വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയതായും ഇവർ പറയുന്നു. അതേസമയം മാതാപിതാക്കളോടുള്ള പ്രതിയുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു. പൊലീസുകാർ എഴുതിപ്പിഴപ്പിച്ച കേസാണിതെന്നും കുറച്ച് കോംപ്ലിക്കേറ്റഡ് ആണെന്നും മാതാപിതാക്കളെ പ്ലീഡർ ധരിപ്പിച്ചു. ആശുപത്രിയിൽ വെച്ച് ഇംഗിതത്തിന് വഴങ്ങാത്തതിനാൽ കേസ് ഇഴയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ദിവസങ്ങൾ പിന്നിടുംതോറും പ്രശ്നവും ശല്യവും കൂടിവന്നതിനാൽ അതിജീവിത അമ്മയോട് നടന്നതെല്ല്ം വെളിപ്പെടുത്തുകയായിരുന്നു. പ്രസ്തുത ബലാത്സംഗക്കേസില്‍ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ കഴിയവേയാണ് പി.ജി മനുവിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ, ഇയാൾ മറ്റൊരു ഭർതൃമതിയായ യുവതിയെയും പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ കേസിൽ നിയമസഹായം തേടിയെത്തിയപ്പോഴായിരുന്നു പീഡനം.
ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട്, ഇത് വിവാദമായതോടെ ഇവരുടെ വീട്ടിൽ മനു കുടുംബസമേതം എത്തി തൊഴുകൈകളോടെ മാപ്പുപറയുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യത്തെ ബലാല്‍സംഗക്കേസില്‍ കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ പി.ജി. മനുവിന് കര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ എൻ.ഐ.എ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഇദ്ദേഹം നാറാത്ത്, പാനായിക്കുളം കേസുകളിൽ പ്രതികൾക്കെതിരെ ഹാജരായിരുന്നു.
content highlight: Govt. Pleader case